ന്യൂഡൽഹി: ശക്തമായ ഭൂകമ്പം കടുത്ത നാശം വിതച്ച തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയ്ക്ക് അടിയന്തര മാനുഷിക സഹായവുമായി ഇന്ത്യ. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ‘ഓപ്പറേഷൻ അമിസ്താദ്’ (Op Amistad) എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന് ഇന്ത്യ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി മെഡിക്കൽ സംഘവും 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ (C-17 Globemaster) വിമാനങ്ങൾ വെള്ളിയാഴ്ച (ജൂൺ 26) വെനിസ്വേലയിലേക്ക് പുറപ്പെട്ടു.
വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ സൈന്യവും സംയുക്തമായാണ് ദൗത്യം ഏകോപിപ്പിക്കുന്നത്.
ഇന്ത്യൻ ആർമിയുടെ പ്രശസ്തമായ ’60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ’ നിന്നുള്ള 9 മെഡിക്കൽ ഓഫീസർമാർ അടക്കം 41 പേരടങ്ങുന്ന വിദഗ്ധ മെഡിക്കൽ-രക്ഷാപ്രവർത്തന സംഘമാണ് വെനിസ്വേലയിലേക്ക് തിരിച്ചത്. ഇവർ വെനിസ്വേലൻ അധികൃതരുമായി ചേർന്ന് തിരച്ചിലിനും അടിയന്തര ചികിത്സാ സൗകര്യങ്ങൾക്കും നേതൃത്വം നൽകും
ട്വിറ്ററിലൂടെ (X) കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ദൗത്യത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ദുരന്തബാധിതരെ സഹായിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.



