ഹുസ്റ്റണ്‍: ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തില്‍ മുസ്ലിം കളിക്കാര്‍ക്കുള്ള ‘മാന്‍ ഓഫ് ദി മാച്ച്’ ട്രോഫിയില്‍ ആല്‍ക്കഹോള്‍ ബ്രാന്‍ഡ് ലോഗോ ഒഴിവാക്കി ഫിഫ ഇസ്ലാം മതവിശ്വാസ രീതികളോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത്തരമൊരു നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. ഈജിപ്ത് താരം മുഹമ്മദ് സലായുടേയും ബ്രസീല്‍ താരം വിനീസ്യൂസ് ജൂനിയറിന്റേയും ചിത്രങ്ങള്‍ പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്ന് ഇഎസ്പിഎന്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. മൈക്കലോബ് അള്‍ട്രാ (Michelob ULTRA) എന്ന ബിയര്‍ ബ്രാന്‍ഡിന്റെ ലോഗോ ട്രോഫിയില്‍ നിന്നും ബാക്ക്ഡ്രോപ്പില്‍ നിന്നും നീക്കംചെയ്ത ‘സുപ്പീരിയര്‍ പ്ലെയര്‍ ഓഫ് ദി മാച്ച്’ ആണ് നല്‍കുന്നത്. ലോഗോയ്ക്ക് പകരം ട്രോഫിയിലും ബാക്ക്ഡ്രോപ്പിലും ‘സുപ്പീരിയര്‍ പ്ലെയര്‍ ഓഫ് ദി മാച്ച്’ എന്ന് മാത്രമാണ് അച്ചടിച്ചിരിക്കുന്നത്. മുഹമ്മദ് സലാ, അഷ്റഫ് ഹക്കീമി, ഇസ്മായില്‍ സെയ്ബാരി തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ക്കായി ഈ രീതിയില്‍ ട്രോഫി മാറ്റിനല്കിയിരുന്നു.



