ന്യൂഡൽഹി: ഓൺലൈൻ വഴിയുള്ള തീവ്രവാദ ആശയപ്രചാരണവും യുവാക്കളെ ഗ്രൂപ്പുകളിലേക്ക് ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (NIA) രാജ്യവ്യാപകമായി വ്യാപക പരിശോധന നടത്തി. ഡൽഹി ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് ബുധനാഴ്ച ഒരേസമയം എൻ.ഐ.എ റെയ്ഡ് സംഘടിപ്പിച്ചത്.
നിരോധിത ഭീകര സംഘടനകളായ ഐസിസ് (ISIS), അൽ-ഖ്വൊയ്ദ (AQIS) എന്നിവയുടെ പ്രത്യയശാസ്ത്രങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിപ്പിച്ച് യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാൻ ഗൂഢാലോചന നടന്നു എന്നാണ് എൻ.ഐ.എ വ്യക്തമാക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ എൻ.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൂടുതൽ ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കും. നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും ഡിജിറ്റൽ തെളിവുകളുടെയും സാങ്കേതിക വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഒരു പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 11 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം മാർച്ചിൽ വിജയവാഡ പൊലീസാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. പ്രധാന പ്രതിയായ റഹ്മത്തുള്ള ഷെരീഫ് മുഹമ്മദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഐസിസ്, അൽ-ഖ്വൊയ്ദ സംഘടനകളുമായി ബന്ധമുള്ള രേഖകൾ കണ്ടെത്തിയിരുന്നു. തുടർന്ന് മേയ് മാസത്തിലാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്.



