സാധാരണ 19 വയസ്സുകാർ തങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചോ ഐഐടി പ്രവേശനത്തെക്കുറിച്ചോ ആകുലപ്പെടുമ്പോൾ, മുംബൈ സ്വദേശിയായ ധ്രവ്യ ഷാ ആർട്ടിഫിഷ്യൽ ഇന്റന്റലിജൻസ് വിപണിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ്. തന്റെ പതിനാറാം വയസ്സിൽ ആദ്യ സ്റ്റാർട്ടപ്പ് വിജയകരമായി വിറ്റഴിച്ച ധ്രവ്യ, ഇന്ന് ‘സൂപ്പർമെമ്മറി’ എന്ന സ്വന്തം കമ്പനിയിലൂടെ ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. അടുത്തിടെ 3 മില്യൻ ഡോളർ (ഏകദേശം 25 കോടി രൂപ) സീഡ് ഫണ്ടിങ് സ്വന്തമാക്കിയ ഈ യുവസംരംഭകന്, അസാധാരണ പ്രതിഭകൾക്ക് മാത്രം നൽകുന്ന യുഎസ് O-1 വീസയും സ്വന്തമാക്കി.
പഠനത്തിൽ അതീവ മിടുക്കനായിരുന്ന ധ്രവ്യയുടെ ലക്ഷ്യം പല ഇന്ത്യൻ വിദ്യാർഥികളെയും പോലെ ഐഐടി പ്രവേശനമായിരുന്നു. എന്നാൽ, 16-ാം വയസ്സിൽ തന്നെ തന്റെ ആദ്യത്തെ കമ്പനി വിറ്റഴിച്ചുകൊണ്ട് അദ്ദേഹം ബിസിനസ് ലോകത്തേക്ക് ചുവടുവച്ചു. ഒടുവിൽ ഐഐടി എന്ന വലിയ സ്വപ്നം പൂർണമായും ഉപേക്ഷിച്ച്, സ്വന്തം ആശയങ്ങൾക്ക് പിന്നാലെ പോകാൻ ധ്രവ്യ തീരുമാനിച്ചു. ഈ ധീരമായ തീരുമാനമാണ് വെറും 19-ാം വയസ്സിൽ അദ്ദേഹത്തെ ആഗോള എഐ ഭൂപടത്തിൽ മുൻനിരയിലെത്തിച്ചത്.
സൂപ്പർമെമ്മറി എന്ന വലിയ ആശയത്തിലേക്ക് എത്തുന്നതിന് മുൻപ്, തന്റെ കോളജ് ഹോസ്റ്റൽ മുറിയിലിരുന്ന് 15ലധികം ഓപ്പൺ സോഴ്സ് ടൂളുകൾ ധ്രവ്യ വികസിപ്പിച്ചിരുന്നു. ഇവയൊന്നും ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാനായിരുന്നില്ല നിർമിച്ചത്. അതിലൊന്നായ വ്യക്തിഗത വിവരശേഖരണ ടൂളാണ് പിന്നീട് ‘സൂപ്പർമെമ്മറി’ എന്ന സ്റ്റാർട്ടപ്പായി പരിണമിച്ചത്.
2024-ൽ ഒരു ഹാക്കത്തോൺ പ്രോജക്റ്റായിട്ടാണ് സൂപ്പർമെമ്മറി ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് ഒരു ‘സെക്കൻഡ് ബ്രെയിൻ’ പോലെ പ്രവർത്തിക്കുന്ന ഈ ആപ്, ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമായ ഗിറ്റ്‌ഹബ്ബിൽ 10,000-ത്തിലധികം സ്റ്റാറുകൾ വാരിക്കൂട്ടി. ആ വർഷത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഒഎസ്എസ് പ്രോജക്റ്റുകളിൽ ഒന്നായി ഇത് മാറുകയും ചെയ്തു.



