ഹരിയാനയിൽ തുറന്ന ബോർവെല്ലിൽ വീണ 4 വയസുകാരൻ മരിച്ചു; അലംഭാവത്തിന് എതിരെ നടപടി

Leena Joseph
1 Min Read

ചണ്ഡീഗഢ്: ഹരിയാനയിലെ അംബാല ജില്ലയിൽ സ്ഥിതിചെയ്യുന്ന ധനോറ ഗ്രാമത്തിൽ തുറന്നുകിടന്ന ആഴ്ത്തുള കിണറ്റിൽ (ബോർവെൽ) വീണ് 4 വയസുകാരൻ ദാരുണമായി മരിച്ചു.

കർഷകനായ മൻജിത്തിന്റെ മകൻ നിർവേർ സിംഗ് ഇന്നലെ രാവിലെ ഏകദേശം 6.30ഓടെ പിതാവിനൊപ്പം കൃഷിയിടത്തിലെത്തിയിരുന്നു. പിതാവ് കൃഷിപ്പണികളിൽ തിരക്കിലായിരിക്കെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി മൂടിയിട്ടില്ലാത്ത ബോർവെല്ലിന് സമീപത്തേക്ക് എത്തുകയും അബദ്ധത്തിൽ അതിലേക്ക് വീഴുകയുമായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മൻജിത്തും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഏകദേശം 220 അടി ആഴമുള്ള ബോർവെല്ലിൽ നിന്ന് കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് രാവിലെ 7.30ഓടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങളും സൈനികരും ചേർന്ന് മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തി. ഏകദേശം 21 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ 3.40ഓടെ കുട്ടിയെ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി നേരത്തെ തന്നെ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവം പ്രദേശത്ത് ദുഃഖം വിതറി. ബോർവെൽ സുരക്ഷിതമായി മൂടാതെ തുറന്നുവെച്ചതിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അംബാല ഡെപ്യൂട്ടി കമ്മീഷണർ അജയ് തോമർ സിംഗ് പൊലീസിന് നിർദേശം നൽകി.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×