കാബൂൾ/ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിലുള്ള അതിർത്തിത്തർക്കവും സൈനിക സംഘർഷവും വീണ്ടും രൂക്ഷമാകുന്നു. പാകിസ്താൻ അതിർത്തിക്കുള്ളിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ തങ്ങൾ വ്യോമാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം വ്യക്തമാക്കി. ആക്രമണത്തിൽ പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്താനിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
അഫ്ഗാന്റെ ഭാഗത്തുനിന്നുണ്ടായ നാല് തദ്ദേശീയ ഡ്രോണുകൾ വെടിവെച്ചിട്ടതായി പാകിസ്താൻ സൈന്യം അറിയിച്ചു. പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പാകിസ്താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ ആക്രമണങ്ങളെക്കുറിച്ച് സ്വതന്ത്രമായ സ്ഥിരീകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല
കഴിഞ്ഞ ഞായറാഴ്ച അഫ്ഗാൻ അതിർത്തിക്കുള്ളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ഞായറാഴ്ച പാകിസ്താൻ നടത്തിയ ആക്രമണത്തിൽ 28 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ (UN) സ്ഥിരീകരിച്ചിരുന്നു. എന്നാൽ താലിബാൻ സർക്കാരിന്റെ കണക്കനുസരിച്ച് മരണസംഖ്യ 36 ആണ്. 160-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാധാരണക്കാരുടെ വീടുകൾക്ക് നേരെ പാകിസ്താൻ നടത്തിയ ആക്രമണം ഭീരുത്വമാണെന്ന് അഫ്ഗാനിസ്ഥാൻ കുറ്റപ്പെടുത്തി.
അതേസമയം, അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് മറുപടിയായാണ് തങ്ങൾ സൈനിക നടപടി സ്വീകരിച്ചതെന്നും ആക്രമണമെന്നും 29 ഭീകരരെ വധിച്ചതായും പാക് ഇൻഫർമേഷൻ മന്ത്രി അതാവുള്ള തരാർ അവകാശപ്പെട്ടു. പാകിസ്താനിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് അഫ്ഗാൻ മണ്ണിൽ നിന്നാണെന്നും പാകിസ്താൻ ആരോപിക്കുന്നു
കഴിഞ്ഞ ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിനെത്തുടർന്ന് അതിർത്തിയിൽ മാസങ്ങളായി സമാധാന അന്തരീക്ഷം നിലനിന്നിരുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങൾ മേഖലയെ വീണ്ടും അശാന്തിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.



