ജർമ്മനിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വെടിവെപ്പ്: ആറ് പേർ കൊല്ലപ്പെട്ടു

Sreelekha
1 Min Read

ഹാംബർഗ്: ജർമ്മനിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ സ്റ്റേഡിലെ (Stade) ഒരു യൂത്ത് വെൽഫെയർ സെന്ററിലാണ് സംഭവം. കുഞ്ഞിന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഒരു വ്യക്തി നടത്തിയ വെടിവെപ്പിലാണ് ആറ് ജീവനക്കാർ കൊല്ലപ്പെട്ടത്. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെയുള്ള ജീവനക്കാരാണ് മരണപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:10 ഓടെയാണ് സംഭവം നടന്നത്. തന്റെ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ കസ്റ്റഡി അവകാശത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കേന്ദ്രത്തിലെത്തിയതായിരുന്നു 45-കാരനായ പ്രതി. ചർച്ചയ്ക്കിടെ ഇയാൾ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവസമയം ഓഫീസിലുണ്ടായിരുന്ന കുഞ്ഞിനും അമ്മയ്ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ലക്ഷ്യങ്ങളില്ലെന്നും പൂർണ്ണമായും കുടുംബപരമായ കാരണങ്ങളാലാണ് ഇത് സംഭവിച്ചതെന്നും ലോവർ സാക്സണിയിലെ ആഭ്യന്തര മന്ത്രി ഡാനിയേല ബെഹ്റൻസ് വ്യക്തമാക്കി. അങ്ങേയറ്റം ക്രൂരവും ആസൂത്രിതവുമായ രീതിയിലാണ് ഈ ആക്രമണം നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

തുർക്കി വംശജനായ 45-കാരനാണ് പ്രധാന പ്രതിയെന്നും ഇയാളെയും മറ്റ് രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ലൂണബർഗ് പോലീസ് ചീഫ് കാത്രിൻ ഷൂൾ അറിയിച്ചു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×