റഷ്യയിലെ ഇർകുട്സ്ക് മേഖലയിൽ ഇന്ധന വിൽപ്പനയ്ക്ക് നിയന്ത്രണം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Leena Joseph
2 Min Read

മോസ്‌കോ: ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ റഷ്യയിലെ ഇർകുട്സ്ക് മേഖലയിൽ ഇന്ധന വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. മേഖലയിൽ ഉയർന്ന ജാഗ്രതാ നില (High Alert) പ്രഖ്യാപിച്ചതായി ഗവർണർ ഇഗോർ കോബ്‌സെവ് അറിയിച്ചു.

റോസ്നെഫ്റ്റ് പെട്രോൾ പമ്പുകളിൽ ഒരു വാഹനത്തിന് പരമാവധി 50 ലിറ്റർ ഇന്ധനം മാത്രമേ നൽകൂവെന്ന് അദ്ദേഹം അറിയിച്ചു. മറ്റ് പമ്പുകളിൽ ഇതിലും കുറഞ്ഞ പരിധി ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.

വാഹനത്തിന്റെ ടാങ്ക് ഒഴികെയുള്ള പാത്രങ്ങളിലേക്ക് ഇന്ധനം നൽകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ അടിയന്തര സേവനങ്ങൾ, അഗ്നിരക്ഷാ സേന, ആംബുലൻസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾ, കാർഷിക ആവശ്യങ്ങൾക്കുള്ള യന്ത്രങ്ങൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമല്ല.

അവശ്യ സേവനങ്ങളുമായി ബന്ധമില്ലാത്ത സ്ഥാപനങ്ങൾ ജീവനക്കാരെ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറ്റണമെന്നും ഗവർണർ നിർദേശിച്ചു.

“മേഖലയിലേക്കുള്ള ഇന്ധന വിതരണം അപര്യാപ്തമായ സാഹചര്യത്തിൽ പെട്രോൾ പമ്പുകളിലെ തിരക്ക് കുറയ്ക്കുകയും എല്ലാ അവശ്യ സേവനങ്ങളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് റഷ്യൻ എണ്ണശുദ്ധീകരണശാലകൾക്ക് നേരെയുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് നിരവധി റിഫൈനറികൾ അറ്റകുറ്റപ്പണികൾക്കായി പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇതിനെ തുടർന്ന് ആഭ്യന്തര ഇന്ധന വിപണി സ്ഥിരപ്പെടുത്തുന്നതിനായി റഷ്യ വിവിധ മേഖലകളിൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.

സരത്തോവ്, ട്വെർ, ഓംസ്ക്, ടാറ്റർസ്ഥാന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലും സമാന നിയന്ത്രണങ്ങൾ അടുത്തിടെ നിലവിൽ വന്നിട്ടുണ്ട്. ട്യൂമെൻ മേഖലയിലെ ഗാസ്‌പ്രോംനെഫ്റ്റ് പമ്പുകളിലും വൊറോനെഷ് മേഖലയിലെ ലൂകോയിൽ പമ്പുകളിലും ഇന്ധന വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

റഷ്യ 2014-ൽ അധിനിവേശം നടത്തി കൂട്ടിച്ചേർത്ത ക്രിമിയയിലും സെവാസ്റ്റോപോൾ തുറമുഖ നഗരത്തിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി പ്രാദേശിക അടിയന്തരാവസ്ഥ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ക്രിമിയയിൽ വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഇന്ധന വിൽപ്പന പൂർണമായും നിർത്തിവെച്ചതായും ലഭ്യമായ ഇന്ധനം അവശ്യ പൊതുസേവനങ്ങൾക്കായി മാത്രം മാറ്റിവെച്ചതായും റഷ്യൻ പിന്തുണയുള്ള പ്രാദേശിക ഭരണകൂടം അറിയിച്ചു.

അതേസമയം, ഈ മാസം ആദ്യം യുക്രെയ്ൻ സൈന്യം റഷ്യയിലെ 16 പ്രധാന എണ്ണശുദ്ധീകരണശാലകളും ഇന്ധന സംഭരണകേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും, ഇതോടെ റഷ്യയുടെ എണ്ണശുദ്ധീകരണ ശേഷിയുടെ 30 ശതമാനത്തിലധികം താൽക്കാലികമായി പ്രവർത്തനരഹിതമായതായും യുക്രെയ്ൻ ജനറൽ സ്റ്റാഫ് അവകാശപ്പെട്ടിരുന്നു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×