*ലാ ഗ്വൈറ/കാരക്കാസ്: വെനിസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 920 ആയി ഉയർന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദുരന്തം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ആളുകളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകരും പ്രാദേശികവാസികളും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അടിയന്തര സഹായങ്ങളും രക്ഷാദൗത്യ സംഘങ്ങളും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
ഭൂകമ്പത്തെത്തുടർന്ന് കടുത്ത നാശനഷ്ടമുണ്ടായ കാരക്കാസിലും പരിസര പ്രദേശങ്ങളിലും 172 പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഔദ്യോഗിക കണക്കുകൾ. 3,360 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ 50,000-ത്തിലധികം ആളുകളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെ കാരക്കാസിലും സമീപ നഗരമായ മരകായിലും റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ തുടർച്ചലനങ്ങൾ അനുഭവപ്പെട്ടത് ജനങ്ങളിൽ വീണ്ടും പരിഭ്രാന്തി പരത്തി.
ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച ലാ ഗ്വൈറ സംസ്ഥാനം ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും ആധുനിക സജ്ജീകരണങ്ങളുടെ കുറവ് മൂലം രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്.ദുരന്തബാധിതർക്കായി അമേരിക്ക 150 മില്യൺ ഡോളറിന്റെ അടിയന്തര സഹായവും വെനിസ്വേലയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.



