രാജകുടുംബത്തിന്റെ ചരിത്രത്തിലാദ്യമായി ഖജനാവിലെ കണക്കുകള്‍ പുറത്ത്!

Abdul Rasheed
2 Min Read

160 കോടി നികുതിയടച്ച്‌ ഞെട്ടിച്ച്‌ ചാള്‍സ് രാജാവ്; വില്ല്യം രാജകുമാരന്‍ ഒഴുക്കിയത് കോടികള്‍; വിക്ടോറിയ രാജ്ഞിക്ക് ശേഷം ബക്കിങ്ഹാം കൊട്ടാരം ഉപേക്ഷിക്കാന്‍ ചാള്‍സ്; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെലവുകളില്‍ സുതാര്യതാ ആവശ്യവും ശക്തം

ലണ്ടന്‍: നൂറ്റാണ്ടുകളായി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സാമ്പത്തിക കണക്കുകളും നികുതി വിവരങ്ങളും ഒടുവില്‍ ചരിത്രത്തിലാദ്യമായി ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തി ചാള്‍സ് രാജാവ് മൂന്നാമന്‍.സുതാര്യതയുടെയും ജനാധിപത്യത്തിന്റെയും വഴിയില്‍ സഞ്ചരിക്കാന്‍ കൊട്ടാരം നിര്‍ബന്ധിതരായതോടെ കണക്കുകള്‍ പുറത്തുവന്നത്.

 

ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ചാള്‍സ് രാജാവ് ബ്രിട്ടീഷ് ഖജനാവിലേക്ക് നികുതിയായി ഒടുക്കിയത് 12.9 മില്യണ്‍ പൗണ്ടാണ്! അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 160 കോടിയോളം രൂപ. ഇതോടെ യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന നികുതിദായകരില്‍ ഒരാളായി രാജാവ് മാറിയിരിക്കുകയാണ്.

 

രാജാവിന് തൊട്ടുപിന്നാലെ വേല്‍സ് രാജകുമാരനായ വില്യമും തന്റെ നികുതി വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 7.76 മില്യണ്‍ പൗണ്ടാണ് (ഏകദേശം 85 കോടിയിലധികം രൂപ) വില്യം നികുതിയടച്ചത്. രാജകുടുംബത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. എന്നാല്‍ ഈ നികുതി പ്രഖ്യാപനത്തിന് പിന്നിലുള്ള ആഡംബരങ്ങളുടെ ഇന്‍സൈഡ് വിവരങ്ങളാണ് ഇപ്പോള്‍ ബ്രിട്ടനില്‍ വന്‍ ചര്‍ച്ചയാകുന്നത്. രാജകുടുംബത്തിന്റെ വിദേശയാത്രകളില്‍ ഏറ്റവും ചിലവേറിയത് വില്യം രാജകുമാരന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സൗദി അറേബ്യയിലേക്ക് നടത്തിയ ലക്ഷ്വറി യാത്രയായിരുന്നു.

 

ഇതിനായി മാത്രം പൊടിച്ചത് 130,000 പൗണ്ടാണ് (ഒന്നരക്കോടിയിലധികം രൂപ). കഴിഞ്ഞ ഏപ്രിലില്‍ ചാള്‍സ് രാജാവും രാജ്ഞി കമീല്ലയും ഇറ്റലിയിലേക്ക് നടത്തിയ സുഖവാസ യാത്രയ്ക്ക് ചിലവായത് 126,946 പൗണ്ടാണ്. ഇതുകൂടാതെ രാജകുടുംബത്തിന് ചുറ്റിനടക്കാന്‍ ഹെലികോപ്റ്റര്‍ യാത്രകള്‍ക്കായി മാത്രം കഴിഞ്ഞവര്‍ഷം ഒഴുക്കിയത് 733,063 പൗണ്ടാണ്! ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ എസ്റ്റേറ്റില്‍ നിന്നും സ്വകാര്യ നിക്ഷേപങ്ങളില്‍ നിന്നുമാണ് രാജാവിന് ഈ കോടികളുടെ വരുമാനം ലഭിക്കുന്നത്.

 

സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടതിനൊപ്പം കൊട്ടാരത്തില്‍ നിന്നുള്ള മറ്റൊരു ഞെട്ടിക്കുന്ന തീരുമാനവും പുറത്തുവന്നിട്ടുണ്ട്. നിലവില്‍ കോടികള്‍ ചിലവിട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധമായ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് നവീകരണത്തിന് ശേഷവും ചാള്‍സ് രാജാവും രാജ്ഞി കമീല്ലയും താമസം മാറില്ല! അവര്‍ നിലവിലുള്ള ക്ലാരന്‍സ് ഹൗസില്‍ തന്നെ തുടരും.വിക്ടോറിയ രാജ്ഞിയുടെ ഭരണകാലത്തിന് ശേഷം ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് ഭരണാധികാരി ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്ത് താമസിക്കാന്‍ തീരുമാനിക്കുന്നത്. കൊട്ടാരം പൂര്‍ണ്ണമായും പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് വെച്ച്‌ സന്ദര്‍ശിക്കാവുന്ന രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തന്ത്രപരമായ നീക്കം.

 

രാജകുടുംബത്തിന്റെ ഈ സുതാര്യതാ നാടകങ്ങള്‍ക്കിടയിലും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ സര്‍ക്കാര്‍ നല്‍കുന്ന സഹായധനമായ ‘സോവറിന്‍ ഗ്രാന്റ്’ വരും വര്‍ഷങ്ങളില്‍ കുത്തനെ കൂട്ടാന്‍ റോയല്‍ ട്രസ്റ്റിമാര്‍ പ്രത്യേക അനുമതി നല്‍കിക്കഴിഞ്ഞു. 2027-28 വര്‍ഷത്തോടെ ഇത് 100 മില്യണ്‍ പൗണ്ടിലേക്ക് (ആയിരം കോടിയിലധികം രൂപ) ഉയരും. പൈതൃക കെട്ടിടങ്ങളുടെ പരിപാലനം, സൈബര്‍ സുരക്ഷ, ഹരിത ഊര്‍ജ്ജം എന്നിവയുടെ പേര് പറഞ്ഞാണ് ഈ വന്‍ തുക ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്നത്.

 

ഇതിനെതിരെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കടുത്ത അമര്‍ഷം പുകയുകയാണ്. രാജകുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ വെറും റിപ്പോര്‍ട്ട് പോരാ, കൃത്യമായ ഓഡിറ്റിങ്ങും സുതാര്യതയും വേണമെന്നും, കൊട്ടാരത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം മുഴുവന്‍ കൊട്ടാരത്തിലേക്കല്ല, മറിച്ച്‌ സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റണമെന്നും ലിബറല്‍ ഡെമോക്രാറ്റ് മുന്‍ മന്ത്രി നോര്‍മന്‍ ബേക്കര്‍ പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×