യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ; ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ

Sreelekha
1 Min Read

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ (Keir Starmer) സ്ഥാനമൊഴിയാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. തിങ്കളാഴ്ചയോടെ അദ്ദേഹം രാജി പ്രഖ്യാപിച്ചേക്കുമെന്നും പദവിയിൽ നിന്നുള്ള പടിയിറക്കത്തിനായുള്ള കൃത്യമായ സമയക്രമം വ്യക്തമാക്കുമെന്നുമാണ് ബ്രിട്ടീഷ് പത്രമായ ‘ദി ഒബ്സർവർ’ റിപ്പോർട്ട് ചെയ്തത്.

ക്യാബിനറ്റ് മന്ത്രിമാർ, ഉപദേശകർ, പാർട്ടിക്ക് ഫണ്ട് നൽകുന്നവർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പദവിയിൽ തുടരുന്നത് ഇനി പ്രായോഗികമല്ലെന്ന നിഗമനത്തിലേക്ക് സ്റ്റാർമർ എത്തിയതെന്നാണ് സൂചന. ചെക്കേഴ്സിലെ ഔദ്യോഗിക വസതിയിൽ ഭാര്യയുമായി ആലോചിച്ച ശേഷമാകും അദ്ദേഹം അന്തിമ തീരുമാനം എടുക്കുക.
കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയർ സ്റ്റാർമർക്ക് നേരെ പാർട്ടിയിൽ നിന്ന് വലിയ രീതിയിലുള്ള സമ്മർദ്ദമുയരുന്നുണ്ട്. ലേബർ പാർട്ടിയിലെ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ ആൻഡി ബേൺഹാം (Andy Burnham) അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സ്റ്റാർമറുടെ സ്ഥാനം കൂടുതൽ പ്രതിസന്ധിയിലായത്. പാർട്ടിയിലെ നാലിലൊന്ന് വരുന്ന (നൂറിലധികം) ജനപ്രതിനിധികൾ സ്റ്റാർമർ പദവി ഒഴിയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജി വാർത്തകൾ ശക്തമാകുമ്പോഴും, പ്രധാനമന്ത്രി ഇപ്പോഴും തന്റെ ഔദ്യോഗിക ചുമതലകളിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തന്നെ വെല്ലുവിളിക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ നേരിടുമെന്നും, ലേബർ പാർട്ടി ഉള്ളിൽ തല്ലി തകരരുതെന്നും സ്റ്റാർമർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×