വയനാട്ടിൽ 2 വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, 339 കുട്ടികൾ നീരീക്ഷണത്തിൽ; നിയന്ത്രണവിധേയമെന്ന് സർക്കാർ, സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും

Leena Joseph
1 Min Read

വയനാട് കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സാമ്പിളുകൾ ശേഖരിച്ച അഞ്ച് കുട്ടികളിൽ രണ്ട് കുട്ടികളുടെ പരിശോധനാ ഫലമാണ് നിലവിൽ പുറത്തുവന്നത്. സ്കൂളിലെ 339 കുട്ടികളാണ് രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ രോഗലക്ഷണങ്ങൾ അല്പം കൂടുതലായ 25 കുട്ടികളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

രോഗബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക ഡോക്ടർമാരുടെ സംഘം വയനാട്ടിലെത്തിയിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും ശക്തമാക്കാൻ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ജില്ലയിലെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ അടപ്പിക്കാൻ നടപടി ആരംഭിച്ചു. മരുന്ന് ക്ഷാമം പരിഹരിക്കാൻ അടിയന്തര ശ്രമം നടക്കുന്നുണ്ടെന്നും, പത്തു കൊല്ലത്തെ പ്രതിസന്ധി ഒറ്റ ദിവസം കൊണ്ട് തീർക്കാനാവില്ലെങ്കിലും എല്ലായിടത്തും ആവശ്യത്തിന് മരുന്നുകൾ സ്റ്റോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ മെഡിക്കൽ സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങളിൽ ആരുടെയും ഇടപെടൽ അനുവദിക്കില്ലെന്നും വകുപ്പ് അറിയിച്ചു.

വയനാട്ടിലെ ഷിഗെല്ല രോഗബാധയെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ സുൽത്താൻ ബത്തേരിയിൽ ഉന്നതതല യോഗം ചേരും. ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ വയനാട് ജില്ല സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും. രോഗബാധിതരായ കുട്ടികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും രക്ഷിതാക്കളും കർശന ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×