കൊളോണിയൽ കാലത്തെ ജയിൽ നിയമങ്ങൾ റദ്ദാക്കി ആൻഡമാൻ

Meenakashi Ramkumar
2 Min Read

 ബ്രിട്ടീഷ് ഭരണകാലത്ത് രൂപംകൊണ്ട പഴയ ജയിൽ നിയമങ്ങൾക്ക് പകരമായി ആധുനിക ജയിൽ ഭരണസംവിധാനം ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പുതിയ നിയമം. ‘ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് റെഗുലേഷൻ, 2026’ എന്ന പുതിയ നിയന്ത്രണം രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 17-ന് പ്രഖ്യാപിച്ചു.

1894-ലെ പ്രിസൺസ് ആക്ട്, 1900-ലെ പ്രിസണേഴ്സ് ആക്ട്, 1950-ലെ ട്രാൻസ്ഫർ ഓഫ് പ്രിസണേഴ്സ് ആക്ട് എന്നിവയാണ് പുതിയ നിയന്ത്രണത്തിലൂടെ ദ്വീപുകളിൽ ബാധകമായ പരിധിയിൽ റദ്ദാക്കുന്നത്. ഭരണഘടനയുടെ 240-ാം അനുച്ഛേദപ്രകാരമാണ് രാഷ്ട്രപതി പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്.

Ref.No:DPCI-PKD-50

തടവുകാരെ ശിക്ഷിക്കുക എന്നതിനൊപ്പം അവരെ സമൂഹത്തിലേക്ക് പുനരധിവസിപ്പിക്കുന്നതിനും പുതിയ ജീവിതം ആരംഭിക്കാൻ സഹായിക്കുന്നതിനും പ്രാധാന്യം നൽകുന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം, തൊഴിൽപരിശീലനം, നൈപുണ്യ വികസനം, ചികിത്സ, മാനസികാരോഗ്യ പരിചരണം തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കാനും വ്യവസ്ഥകളുണ്ട്.

ജില്ലാ ജയിലുകൾ, സബ് ജയിലുകൾ, തുറന്ന തിരുത്തൽ സ്ഥാപനങ്ങൾ, അതീവ സുരക്ഷാ ജയിലുകൾ, വനിതാ ജയിലുകൾ, യുവ കുറ്റവാളികൾക്കായുള്ള പ്രത്യേക സ്ഥാപനങ്ങൾ എന്നിവ രൂപീകരിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

ജയിൽ ഭരണത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. ബയോമെട്രിക് സംവിധാനം, സി.സി.ടി.വി നിരീക്ഷണം, വീഡിയോ കോൺഫറൻസിങ്, ഡിജിറ്റൽ രേഖകൾ തുടങ്ങിയവയിലൂടെ ജയിൽ സുരക്ഷയും ഭരണനിർവഹണവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

ജയിലിനുള്ളിൽ അനധികൃതമായി മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ആശയവിനിമയ ഉപകരണങ്ങളോ കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ 25,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

വനിതാ, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാരായ തടവുകാർക്ക് പ്രത്യേക പരിഗണനയും പുതിയ നിയമം ഉറപ്പാക്കുന്നു. ജാതിയുടെ പേരിലുള്ള വിവേചനത്തിനും മാനുവൽ സ്കാവഞ്ചിങ്ങിനും വിലക്കുണ്ട്. യോഗ്യരായ തടവുകാർക്ക് നിബന്ധനകൾക്ക് വിധേയമായി പരോൾ, ഫർലോ, ശിക്ഷാ ഇളവ് എന്നിവ അനുവദിക്കാനും വ്യവസ്ഥകളുണ്ട്.

തടവുകാരുടെ പരാതികൾ പരിഹരിക്കുന്നതിനും സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിനും ജയിൽ പരിശോധന ശക്തമാക്കുന്നതിനും മോചിതരാകുന്നവരുടെ പുനരധിവാസത്തിനുമായി പ്രത്യേക സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിയന്ത്രണം 2026 നവംബർ 17-ന് പ്രഖ്യാപിച്ചെങ്കിലും ആൻഡമാൻ നിക്കോബാർ ഭരണകൂടം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന തീയതി മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരിക.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×