പുകവലി ഉപേക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലതവണ ശ്രമിച്ചിട്ടും അതിന് കഴിയാത്തവർ നിരവധിയാണ്. ഇതിനെ വെറും ഇച്ഛാശക്തിയുടെ കുറവായി കാണാനാവില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. പുകയിലയിലെ നിക്കോട്ടിൻ തലച്ചോറിനെ സ്വാധീനിക്കുകയും ശാരീരികവും മാനസികവുമായ ആശ്രിതത്വം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാൽ പുകവലി ഉപേക്ഷിക്കാൻ വ്യക്തിഗത തീരുമാനത്തിനൊപ്പം ശാസ്ത്രീയ ചികിത്സയും വിദഗ്ധരുടെ പിന്തുണയും ആവശ്യമാണ്.
പുകവലി മൂലം ഉണ്ടാകാവുന്ന ഗുരുതര രോഗങ്ങളിലൊന്നാണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (COPD). ശ്വാസകോശത്തിലെ വായുപ്രവാഹം തടസ്സപ്പെടുകയും ശ്വസനശേഷി ക്രമേണ കുറയുകയും ചെയ്യുന്ന ദീർഘകാല രോഗമാണിത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 2023-ൽ ലോകത്ത് ഏകദേശം 34 ലക്ഷം മരണങ്ങൾക്ക് COPD കാരണമായി.
നിക്കോട്ടിൻ തലച്ചോറിലെ പ്രതിഫല സംവിധാനത്തെ സ്വാധീനിക്കുന്നതിനാൽ പുകവലി താൽക്കാലിക ആശ്വാസം നൽകുന്നതായി അനുഭവപ്പെടാം. പുകവലി നിർത്തുമ്പോൾ അസ്വസ്ഥത, ഉത്കണ്ഠ, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, പുകവലിക്കാനുള്ള ശക്തമായ ആഗ്രഹം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഇതിനെ നിക്കോട്ടിൻ വിത്ഡ്രോവൽ എന്നാണ് വിളിക്കുന്നത്.
ഇത്തരം ലക്ഷണങ്ങൾ കാരണം പലരും വീണ്ടും പുകവലിയിലേക്ക് മടങ്ങുന്നു. അതിനാൽ പുകവലി ഉപേക്ഷിക്കാൻ കഴിയാത്തവരെ കുറ്റപ്പെടുത്തുന്നതിനുപകരം ആവശ്യമായ ചികിത്സയും പിന്തുണയും നൽകുകയാണ് വേണ്ടത്.
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പ്രകാരം കൗൺസിലിങ്ങും മരുന്നുകളും സംയോജിപ്പിച്ചുള്ള ചികിത്സ പുകവലി ഉപേക്ഷിക്കാൻ സഹായകമാണ്.
- ബിഹേവിയറൽ കൗൺസിലിങ്: പുകവലിക്കാനുള്ള പ്രേരണകൾ തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായിക്കുന്നു.
- നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പി: നിക്കോട്ടിൻ പാച്ചുകൾ, ഗം, ലോസഞ്ചുകൾ എന്നിവ വിത്ഡ്രോവൽ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
- മരുന്നുകൾ: വരേനിക്ലിൻ, ബുപ്രോപിയോൺ തുടങ്ങിയ മരുന്നുകൾ ചിലരിൽ പുകവലി ഉപേക്ഷിക്കാനുള്ള സാധ്യത വർധിപ്പിക്കും. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.
- തുടർപിന്തുണ: ടെലിഫോൺ കൗൺസിലിങ്, കുടുംബത്തിന്റെ പിന്തുണ, ആരോഗ്യപ്രവർത്തകരുടെ നിരന്തര ഇടപെടൽ എന്നിവ ചികിത്സയുടെ വിജയത്തിന് സഹായകരമാണ്.
ദീർഘകാല ചുമ, കഫത്തോടുകൂടിയ ചുമ, നടക്കുമ്പോഴും പടികൾ കയറുമ്പോഴും അനുഭവപ്പെടുന്ന ശ്വാസംമുട്ടൽ, നെഞ്ചിൽ മുറുക്കം, അമിതമായ ക്ഷീണം എന്നിവ COPDയുടെ പ്രധാന ലക്ഷണങ്ങളാണ്.
രോഗത്തിന്റെ തുടക്കത്തിൽ ലക്ഷണങ്ങൾ ചെറുതായതിനാൽ പലരും അവഗണിക്കാറുണ്ട്. ദീർഘകാല ശ്വാസതടസ്സമോ ചുമയോ അനുഭവപ്പെടുന്നവർ ഡോക്ടറെ സമീപിക്കണം. സ്പൈറോമെട്രി പരിശോധനയിലൂടെയാണ് COPD സ്ഥിരീകരിക്കുന്നത്.
COPD പൂർണമായി ഭേദമാക്കാൻ നിലവിൽ ചികിത്സയില്ലെങ്കിലും പുകവലി ഉപേക്ഷിക്കുന്നത് രോഗം വഷളാകുന്നതിന്റെ വേഗം കുറയ്ക്കാൻ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി സംരക്ഷിക്കാനും രോഗം മൂർച്ഛിക്കുന്ന സാഹചര്യങ്ങൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
പുകവലി മാത്രമല്ല COPDയ്ക്ക് കാരണം. വിറക് ഉൾപ്പെടെയുള്ള ജൈവ ഇന്ധനങ്ങളുടെ പുക, അന്തരീക്ഷ മലിനീകരണം, തൊഴിലിടങ്ങളിലെ പൊടിയും രാസവസ്തുക്കളും എന്നിവയും രോഗസാധ്യത വർധിപ്പിക്കുന്നു.
പുകവലി ഉപേക്ഷിക്കാൻ ഒന്നിലധികം തവണ ശ്രമിക്കേണ്ടിവരുന്നത് പരാജയമല്ല. നിക്കോട്ടിൻ ആശ്രിതത്വം ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന ആരോഗ്യപ്രശ്നമാണ്. പൾമണോളജിസ്റ്റിന്റെയോ പുകയില ഉപേക്ഷിക്കൽ ചികിത്സയിൽ പരിചയമുള്ള ഡോക്ടറുടെയോ സഹായം തേടുന്നത് ഗുണകരമാണ്.
ശാസ്ത്രീയ ചികിത്സയും കൗൺസിലിങ്ങും തുടർച്ചയായ പിന്തുണയും ലഭിച്ചാൽ പുകവലി ഉപേക്ഷിക്കുക സാധ്യമാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും COPDയുടെ അപകടസാധ്യത കുറയ്ക്കാനും പുകവലി ഉപേക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്പ്പ്.




