കാടും കുറ്റകൃത്യവും ചേരുന്ന നിഗൂഢലോകം

Raziya Rameez
2 Min Read

 മലയാള സിനിമയിൽ വ്യത്യസ്തമായ ആഖ്യാനശൈലിയും പരീക്ഷണാത്മകമായ ചലച്ചിത്രാവിഷ്കാരങ്ങളും കൊണ്ട് ശ്രദ്ധേയനായ സംവിധായകൻ കൃഷാന്ദിന്റെ പുതിയ ചിത്രം ‘മാഞ്ചിയം – ദി ബോട്ടണി ഓഫ് എ ക്രൈം’ (Manchiyam – The Botany of a Crime) ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി.  ദേശീയ ചലച്ചിത്ര പുരസ്കാരവും രണ്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുള്ള കൃഷാന്ദിന്റെ ആറാമത്തെ സംവിധാന സംരംഭമാണിത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ചു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രം കൃഷാന്ദ് ഫിലിംസുമായി സഹകരിച്ചാണ് ഒരുങ്ങുന്നത്. ചിത്രീകരണം 2026 നവംബറിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

Ref.No:DPCI-PKD-50

‘തൊണ്ടിമാടം പ്രിസൺസ്’ (Thondimadam Prisons) എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പഴയ ജയിൽ കവാടവും പോസ്റ്ററിലെ പ്രധാന ആകർഷണമാണ്. കാടും മൃഗവും പഴയ ജയിൽ പരിസരവും ഒരുമിച്ചെത്തുന്ന ദൃശ്യാവിഷ്കാരം സിനിമയുടെ കഥാപശ്ചാത്തലത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

‘The Axe Forgets, But The Tree Remembers’ എന്ന ടാഗ്‌ലൈനും ടൈറ്റിൽ ലുക്കിനൊപ്പം നൽകിയിട്ടുണ്ട്. കോടാലി മറന്നാലും മരം ഓർക്കുന്നു എന്ന അർത്ഥം വരുന്ന ഈ വാചകം ചിത്രത്തിന്റെ പേരിനോടും ദൃശ്യങ്ങളോടും ചേർന്ന് കൂടുതൽ ആഴമുള്ളൊരു പ്രമേയസൂചന നൽകുന്നു. കഴിഞ്ഞുപോയ സംഭവങ്ങൾ, അവശേഷിക്കുന്ന അടയാളങ്ങൾ, കുറ്റകൃത്യങ്ങളുടെ പ്രത്യാഘാതങ്ങൾ തുടങ്ങിയ ആശയങ്ങളിലേക്ക് ടാഗ്‌ലൈൻ വിരൽചൂണ്ടുന്നുണ്ടെങ്കിലും സിനിമയുടെ യഥാർത്ഥ കഥയും കഥാപാത്രങ്ങളുടെ സ്വഭാവവും അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സഞ്ചു ശിവറാം, സുധി കോപ്പ, വിൻസി അലോഷ്യസ്, മണിയൻപിള്ള രാജു, നിരഞ്ജ് മണിയൻപിള്ള രാജു, രാഹുൽ രാജീവ്, നന്ദു, രാധാ ഗോമതി, ദിവ്യ പ്രഭ, നിഷാന്ത് സാഗർ, വിനീത് തട്ടിൽ ഡേവിഡ്, ജോജി കെ. ജോൺ, പ്രമോദ് വെളിയനാട്, റൂത്ത് പി. ജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരനിരയിലുള്ളത്.

കൃഷാന്ദിന്റെ പുതിയ സിനിമയിൽ പ്രതീക്ഷയോടെ സിനിമാപ്രേമികൾ

വ്യത്യസ്തമായ പ്രമേയങ്ങളും ആവിഷ്കാരരീതികളും കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് കൃഷാന്ദ്. ‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’, ‘സംഘർഷ ഘടന – ദി ആർട്ട് ഓഫ് വാർഫെയർ’, ‘മസ്തിഷ്ക മരണം: എ ഫ്രാങ്കൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ പുതിയ സംവിധാന സംരംഭമാണ് ‘മാഞ്ചിയം’.

പേരിലെ ബൊട്ടണി എന്ന പരാമർശവും പോസ്റ്ററിലെ വനദൃശ്യങ്ങളും പഴയ ജയിൽ കവാടവും പുള്ളിപ്പുലിയുടെ സാന്നിധ്യവും സിനിമയുടെ പ്രമേയത്തെക്കുറിച്ച് കൗതുകം ജനിപ്പിക്കുന്നുണ്ട്. പ്രകൃതിയും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×