നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഷൂട്ടർ മനു ഭാകറിന് 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ മെഡൽ നേടാനായില്ല. ഫൈനലിൽ 181.1 പോയിന്റ് നേടിയ മനു അഞ്ചാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. 18-ാം ഷോട്ടിന് പിന്നാലെയാണ് ഇന്ത്യൻ താരത്തിന്റെ മെഡൽ പോരാട്ടം അവസാനിച്ചത്.
യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനമാണ് മനു ഭാകർ പുറത്തെടുത്തത്. 579 പോയിന്റും 20 ഇൻനർ-10ഉം നേടി മൂന്നാം സ്ഥാനക്കാരിയായാണ് മനു എട്ട് താരങ്ങൾ ഉൾപ്പെട്ട ഫൈനലിലേക്ക് യോഗ്യത നേടിയത്. തുടക്കത്തിൽ നേരിട്ട ചെറിയ തിരിച്ചടിക്ക് ശേഷം അവസാന സീരീസുകളിൽ മികച്ച പ്രകടനം പുറത്തെടുത്താണ് താരം ഫൈനൽ ഉറപ്പിച്ചത്.

ഫൈനലിന്റെ ആദ്യ ഘട്ടത്തിൽ മനു 100.3 പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു. പിന്നീട് മെഡൽ സ്ഥാനങ്ങളിലേക്ക് അടുക്കാൻ ശ്രമിച്ചെങ്കിലും നിർണായക ഘട്ടത്തിൽ ആവശ്യമായ മുന്നേറ്റം നടത്താനായില്ല. 18-ാം ഷോട്ടിൽ 9.6 പോയിന്റ് നേടിയതോടെ 181.1 എന്ന സ്കോറിൽ മത്സരം അവസാനിപ്പിക്കേണ്ടിവന്നു. മെഡൽ സ്ഥാനത്തുണ്ടായിരുന്ന താരങ്ങളുമായി വളരെ ചെറിയ വ്യത്യാസമാണ് ആ ഘട്ടത്തിൽ ഉണ്ടായിരുന്നത്.
ടീം ഇനത്തിലും നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടം
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലും ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. മനു ഭാകർ, ഇഷ സിങ്, സുരുചി ഇന്ദർ സിങ് എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീം 1719-44x എന്ന സ്കോറോടെ നാലാം സ്ഥാനത്തെത്തി. വെങ്കലം നേടിയ വിയറ്റ്നാമിനും ഇന്ത്യയ്ക്കും 1719 പോയിന്റ് വീതമായിരുന്നെങ്കിലും ഇൻനർ-10 എണ്ണത്തിൽ വിയറ്റ്നാം 46x നേടിയപ്പോൾ ഇന്ത്യ 44x മാത്രമാണ് നേടിയത്. ഇതോടെ രണ്ട് ഇൻനർ-10ന്റെ വ്യത്യാസത്തിൽ ഇന്ത്യയ്ക്ക് വെങ്കലം നഷ്ടമായി.
മെഡൽ പ്രതീക്ഷയോടെ ഫൈനലിലെത്തിയ മനു ഭാകറിന് അഞ്ചാം സ്ഥാനത്തോടെ 10 മീറ്റർ എയർ പിസ്റ്റളിൽ നിന്ന് മടങ്ങേണ്ടിവന്നെങ്കിലും, 25 മീറ്റർ പിസ്റ്റളിൽ ഇന്ത്യയുടെ പ്രതീക്ഷകൾ തുടരുകയാണ്.



