ന്യൂഡൽഹി :മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഇന്ത്യയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ഉള്ളടക്കം നീക്കം ചെയ്യാനും ബ്ലോക്ക് ചെയ്യാനും സർക്കാർ അയച്ച നിർദേശങ്ങളിൽ വൻ വർധന. ലഭ്യമായ കണക്കുകൾ പ്രകാരം ശരാശരി 68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഉത്തരവ് എന്ന തോതിലാണ് സർക്കാർ നിർദേശങ്ങൾ എത്തിയതെന്നാണ് റിപ്പോർട്ട് .
അഞ്ച് മാസത്തിനിടെ ഏകദേശം 1.95 ലക്ഷം ബ്ലോക്കിങ് ഉത്തരവുകൾ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു. അതായത് പ്രതിദിനം ശരാശരി 1,275 ഉത്തരവുകൾ വീതം. 2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള ഒരു വർഷത്തിൽ 19 ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് സഹയോഗ് പോർട്ടൽ വഴി ലഭിച്ചത് ആകെ 2,312 ബ്ലോക്കിങ് ഉത്തരവുകളായിരുന്നു. പ്രതിദിനം ശരാശരി ആറ് ഉത്തരവുകൾ മാത്രമായിരുന്നു ഇത്.
ഇൻസ്റ്റഗ്രാമിന് ഏറ്റവും കൂടുതൽ ഉത്തരവുകൾ
മൂന്ന് പ്രധാന പ്ലാറ്റ്ഫോമുകളിൽ ഏറ്റവും കൂടുതൽ സർക്കാർ നിർദേശങ്ങൾ ലഭിച്ചത് ഇൻസ്റ്റഗ്രാമിനാണ്. അഞ്ച് മാസത്തിനിടെ ഏകദേശം ഒരു ലക്ഷം ബ്ലോക്കിങ് ഉത്തരവുകൾ ഇൻസ്റ്റഗ്രാമിന് ലഭിച്ചതായാണ് റിപ്പോർട്ട്. ഇത് ആകെ ഉത്തരവുകളുടെ പകുതിയിലധികമാണ്.
ഫേസ്ബുക്കിന് ഏകദേശം 80,000 ഉത്തരവുകളും യൂട്യൂബിന് ഏകദേശം 15,000 ഉത്തരവുകളും ലഭിച്ചു. ഇതോടെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ചേർന്ന് മൂന്ന് പ്ലാറ്റ്ഫോമുകൾക്കുള്ള സർക്കാർ നിർദേശങ്ങളിൽ ഏകദേശം 90 ശതമാനവും ഏറ്റുവാങ്ങി.ഓരോ ബ്ലോക്കിങ് ഉത്തരവും ഒരു പോസ്റ്റിനെയോ അക്കൗണ്ടിനെയോ മാത്രം ബാധിക്കുന്നതല്ല. ചില ഉത്തരവുകളിൽ നൂറുകണക്കിന് വ്യക്തിഗത ഉള്ളടക്കങ്ങളോ അക്കൗണ്ടുകളോ ഉൾപ്പെടാം.
സഹയോഗ് പോർട്ടൽ വഴി ഉള്ളടക്കം നീക്കം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ച ‘സഹയോഗ്’ പോർട്ടൽ വഴിയാണ് വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികൾ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉള്ളടക്കം തടയുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് ഉൾപ്പെടെയുള്ള പ്രധാന സോഷ്യൽ മീഡിയ കമ്പനികൾ ഈ സംവിധാനത്തിൽ ചേർന്നിട്ടുണ്ട്.
2024-25ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, 2025 മാർച്ച് വരെ ഒരു വർഷത്തിനിടെ 1.11 ലക്ഷത്തിലധികം ‘സംശയാസ്പദമായ ഓൺലൈൻ ഉള്ളടക്കങ്ങൾ’ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 79(3)(b) വകുപ്പ് പ്രകാരം ബ്ലോക്ക് ചെയ്തിരുന്നു. സഹയോഗ് പോർട്ടൽ വഴിയുള്ള നടപടികളും ഇതിൽ ഉൾപ്പെടുന്നു.
മെറ്റയുടെ ഓട്ടോമാറ്റിക് നീക്കം
സർക്കാർ നിർദേശിച്ച മൂന്ന് മണിക്കൂർ സമയപരിധിക്കുള്ളിൽ ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി മെറ്റ സഹയോഗ് പോർട്ടലുമായി API (Application Programming Interface) സംയോജിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ ഫലമായി സർക്കാർ നിർദേശങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്താൽ അവ മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ പ്രത്യേക മനുഷ്യ പരിശോധന കൂടാതെ തന്നെ സ്വമേധയാ നടപ്പാക്കാൻ കഴിയുന്ന സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്.ഇതോടെ സർക്കാർ നൽകിയ നിർദേശങ്ങൾ ആദ്യം പരിശോധിക്കുകയോ അതിനെതിരെ വാദിക്കുകയോ ചെയ്യാനുള്ള കമ്പനിയുടെ അവസരം പരിമിതപ്പെടുന്നുവെന്നാണ് ഡിജിറ്റൽ അവകാശ പ്രവർത്തകരുടെ ആശങ്ക.
ഡിജിറ്റൽ അവകാശ പ്രവർത്തകരുടെ വിമർശനം
ഡിജിറ്റൽ അവകാശ പ്രവർത്തകർ ഈ ഓട്ടോമേറ്റഡ് സംവിധാനം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഡൽഹി ആസ്ഥാനമായുള്ള ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടറും അഭിഭാഷകനുമായ അപർ ഗുപ്തയുടെ അഭിപ്രായത്തിൽ, ഒരു API വഴി നേരിട്ട് ഉള്ളടക്കം നീക്കം ചെയ്യുന്നത് നിയമപരമായ പരിശോധനകളുടെ സാധ്യത കുറയ്ക്കുന്നു.
നിലവിലുള്ള നിയമപ്രകാരം നിയമാനുസൃതമായ ഉത്തരവിനെക്കുറിച്ച് ‘actual knowledge’ ലഭിച്ചതിനുശേഷമാണ് പ്ലാറ്റ്ഫോമുകൾ ഉള്ളടക്കം നീക്കം ചെയ്യേണ്ടത്. എന്നാൽ മനുഷ്യ ഇടപെടലില്ലാത്ത യന്ത്രം-യന്ത്രം അടിസ്ഥാനത്തിലുള്ള നടപടിക്രമത്തിൽ ഉത്തരവിന്റെ നിയമസാധുത, അധികാരിയുടെ പദവി, ഉത്തരവിൽ ആവശ്യമായ കാരണങ്ങൾ എന്നിവ പരിശോധിക്കപ്പെടുന്നില്ലെന്നതാണ് വിമർശനം.
എന്തെല്ലാം ഉള്ളടക്കങ്ങളാണ് ബ്ലോക്ക് ചെയ്തതെന്ന്?
ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവരങ്ങൾ പ്രകാരം, ഇൻസ്റ്റഗ്രാമിലെ ചില നടപടികൾക്ക് പിന്നിൽ വിവിധ തരത്തിലുള്ള ഉള്ളടക്കങ്ങൾ ഉണ്ടായിരുന്നു. വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച പോസ്റ്റുകൾ, സർക്കാരിന്റെ എത്തനോൾ ഇന്ധന മിശ്രണ നയത്തെ വിമർശിച്ച ഉള്ളടക്കങ്ങൾ, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകൾ, ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ തന്റെ ചില ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായി നേരത്തെ പറഞ്ഞിരുന്നു. ഐ.ടി നിയമത്തിലെ 79(3)(b) വകുപ്പ് സഹയോഗ് പോർട്ടൽ വഴി പുറപ്പെടുവിക്കുന്ന നിരവധി നിർദേശങ്ങളും ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000-ലെ 79(3)(b) വകുപ്പ് പ്രകാരമാണ്. സർക്കാർ, നിയമ നിർവഹണ ഏജൻസികൾ നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകാം.
ഇത്തരം നടപടികൾക്ക് പുറമേ ഐ.ടി നിയമത്തിലെ 69A വകുപ്പ് പ്രകാരവും സർക്കാർ ഓൺലൈൻ ഉള്ളടക്കം തടയുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നുണ്ട്. ദേശീയ സുരക്ഷ, പരമാധികാരം, പൊതുസമാധാനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലാണ് 69A പ്രധാനമായും പ്രയോഗിക്കുന്നത്.
ഇന്ത്യയിലെ വൻ സോഷ്യൽ മീഡിയ ഉപയോക്തൃ അടിത്തറ
ഇന്ത്യയിൽ 60 കോടിയിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കളുണ്ട്. രാജ്യത്ത് പ്രതിദിനം ഏകദേശം ഒരു കോടി മുതൽ 10 കോടി വരെ പോസ്റ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നതായാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഉപയോക്താക്കളുടെയും ദിവസേന പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്റെയും എണ്ണം മാത്രം അടിസ്ഥാനമാക്കി സർക്കാർ ബ്ലോക്കിങ് നടപടികളുടെ തോത് വിലയിരുത്താനാകില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
മെറ്റയുടെ ഏറ്റവും പുതിയ ട്രാൻസ്പരൻസി റിപ്പോർട്ട് പ്രകാരം, 2025 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ മെറ്റ 41,000ത്തിലധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്തു. അതേസമയം ഇന്ത്യയുടെ മൂന്നിലൊന്നിൽ താഴെ ഉപയോക്താക്കളുള്ള ഇന്തോനേഷ്യയിൽ ഇതേ കാലയളവിൽ 2.3 കോടിയിലധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്തിരുന്നു.
പുതിയ സമയപരിധിയും ആശങ്കകൾക്ക് കാരണം
2026 ഫെബ്രുവരിയിൽ കേന്ദ്ര ഐ.ടി മന്ത്രാലയം 2021ലെ ഇൻഫർമേഷൻ ടെക്നോളജി (Intermediary Guidelines and Digital Media Ethics Code) Rules ഭേദഗതി ചെയ്തിരുന്നു. ഇതോടെ സർക്കാർ നിർദേശങ്ങൾ ലഭിച്ചാൽ ചില വിഭാഗത്തിലുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി മുമ്പുണ്ടായിരുന്ന 24–36 മണിക്കൂറിൽ നിന്ന് 2–3 മണിക്കൂറായി ചുരുങ്ങി.ഇതാണ് സോഷ്യൽ മീഡിയ കമ്പനികൾ സർക്കാർ നിർദേശങ്ങൾ വേഗത്തിൽ നടപ്പാക്കാനുള്ള സമ്മർദം വർധിപ്പിച്ചതെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



