എം.വി.ഡി. തെറിപ്പിക്കുന്നതിന് മുൻപേ സ്വയം പേര് മാറ്റാൻ മുൻ ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ആയിരുന്ന ഗണേഷ്കുമാർ….
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം അനധികൃതമായി ‘എം.എൽ.എ.’ എന്ന് കൂട്ടിച്ചേർത്തത് ഒഴിവാക്കാൻ മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ അപേക്ഷ നൽകി. ക്രമക്കേടിൽ വകുപ്പുതല അന്വേഷണം നടക്കവേയാണ് പേരിൽ തിരുത്തുവരുത്താനും മേൽവിലാസം മാറ്റാനും അപേക്ഷ നൽകിയത്.
ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയിൽ രേഖകളിൽ ഉള്ളതുപോലെവേണം ലൈസൻസിൽ പേര് ചേർക്കേണ്ടത്. ഗണേഷ്കുമാർ ഇത് ലംഘിച്ച് എം.എൽ.എ. എന്ന് കൂട്ടിച്ചേർത്തത് വിവാദമായിരുന്നു. ഇതേക്കുറിച്ചുള്ള വാർത്തയുടെ അടിസ്ഥാനത്തിലാണ് സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്.
എം.എൽ.എ. വിശേഷണം നീക്കാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചിരിക്കേയാണ് വ്യാഴാഴ്ച ഓൺലൈൻ അപേക്ഷ സമർപ്പിച്ചത്. ഗതാഗതമന്ത്രി എന്ന മേൽവിലാസം മാറ്റാനും അപേക്ഷിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്ഥിരമേൽവിലാസമുള്ള അദ്ദേഹം സെക്രട്ടേറിയറ്റിലെ വിലാസം ചേർത്തതും ചട്ടവിരുദ്ധമായിരുന്നു.
18 വയസ് തികയുന്നതിന് മുൻപേ ഡ്രൈവിങ് ലൈസൻസ് നേടിയതിലും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ലൈസൻസ് എടുത്ത സമയത്ത് സമർപ്പിച്ച രേഖകൾ കണ്ടെത്താൻ കഴിയാത്തത് അന്വേഷണത്തിന് തടസ്സമാണ്. പ്രായം തികയുന്നതിനുമുൻപേ എടുത്ത ലൈസൻസുകൾ പ്രായപൂർത്തിയായശേഷം പുതുക്കിയിട്ടുണ്ടെങ്കിൽ സസ്പെൻഷനിലേക്ക് കടക്കേണ്ടതില്ലെന്നാണ് വകുപ്പിന് ലഭിച്ച നിയമോപദേശം.
അതേസമയം, അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച വ്യാജരേഖകൾ കണ്ടെത്തിയാൽ കേസെടുക്കാം. 1984 ഫെബ്രുവരി 13-നാണ് ഗണേഷ്കുമാർ തിരുവനന്തപുരം ആർ.ടി.ഓഫീസിൽനിന്നു ലൈസൻസ് നേടിയത്. ഇക്കാലത്തെ രേഖകൾ വകുപ്പ് നശിപ്പിച്ചിട്ടുണ്ട്.



