കാട്ടാനകളെ തടയാൻ ഇനി എ.ഐ കാവൽ

lavanya S
2 Min Read

മുള്ളരിങ്ങാട്ട് കേരളത്തിലെ ആദ്യ ‘സ്മാർട്ട് എലി-ഫെൻസ്’
100 മീറ്റർ അകലെ ആനയെത്തിയാൽ ക്യാമറ തിരിച്ചറിയും; മുന്നറിയിപ്പും സൈറനും സജീവമാകും, ആവശ്യമെങ്കിൽ കുറഞ്ഞ വോൾട്ടേജിലുള്ള പ്രതിരോധ വൈദ്യുതിയും.

തൊടുപുഴ: മനുഷ്യ–വന്യജീവി സംഘർഷത്തിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കാണാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് പുതിയ അധ്യായം. കാട്ടാനകളുടെ കടന്നുകയറ്റം പതിവായ ഇടുക്കി മുള്ളരിങ്ങാട് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായ ‘സ്മാർട്ട് എലി-ഫെൻസ്’ സംവിധാനം സ്ഥാപിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഈ സംവിധാനം കാട്ടാനകളുടെ സാന്നിധ്യം തത്സമയം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുകയും ആനകളെ ജനവാസ മേഖലയിൽ പ്രവേശിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതാണ്.

Ref.No:DPCI-PKD-50

സംസ്ഥാന സർക്കാരിന്റെ 100-ദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ ചെലവിലാണ് മുള്ളരിങ്ങാട്ടെ പദ്ധതി യാഥാർഥ്യമാക്കിയത്. മനുഷ്യ–വന്യജീവി സംഘർഷം കൂടുതലുള്ള മേഖലകളിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത മൂന്ന് തലങ്ങളിലായുള്ള പ്രതിരോധ സംവിധാനമാണ്. മുള്ളരിങ്ങാട് ഗവൺമെന്റ് സ്കൂളിന് സമീപമുള്ള ആനകളുടെ പ്രധാന സഞ്ചാരപാതയിൽ ഏകദേശം 200 മീറ്റർ നീളത്തിലാണ് 13 അടി ഉയരമുള്ള പ്രത്യേക ബെൽറ്റ് ഫെൻസ് സ്ഥാപിച്ചിരിക്കുന്നത്. ശേഷിക്കുന്ന ഏകദേശം 500 മീറ്റർ ഭാഗത്ത് സാധാരണ ഫെൻസിങ് മെഷീനും ഉപയോഗിച്ചിട്ടുണ്ട്.

ആനകൾ സാധാരണ വേലിക്ക് നേരെ ശക്തമായി സമ്മർദം ചെലുത്തുന്ന സാഹചര്യം കണക്കിലെടുത്താണ് ബെൽറ്റ് ഫെൻസിന്റെ രൂപകൽപ്പന. വേലിയിൽ നിശ്ചിത തോതിൽ ഇളവ് നൽകിയിട്ടുണ്ട്. ആന തുമ്പിക്കൈ ഉപയോഗിച്ച് വേലിയിൽ തട്ടുകയോ സമ്മർദം ചെലുത്തുകയോ ചെയ്താൽ വേലി മുന്നോട്ടേക്ക് വളയും. ഇതുവഴി വേലി തകർക്കാൻ ശ്രമിക്കുന്ന ആനയെ ഭയപ്പെടുത്തി പിന്നോട്ടുപോകാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം എ.ഐ ക്യാമറകളാണ്. വേലിയിൽ നിന്ന് ഏകദേശം 100 മീറ്റർ പരിധിക്കുള്ളിൽ ആനയോ മറ്റ് വന്യജീവികളോ എത്തിയാൽ ക്യാമറകൾ അവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ദൃശ്യങ്ങൾ പകർത്തും.

തുടർന്ന് വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്വമേധയാ കൈമാറുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. റാപ്പിഡ് റെസ്‌പോൺസ് ടീം (RRT), റേഞ്ച് ഓഫീസർ, വനംവകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് ഉടൻ മുന്നറിയിപ്പ് ലഭിക്കും. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി പ്രദേശവാസികൾക്കും വിവരം കൈമാറാൻ സാധിക്കും.

24 മണിക്കൂറും പ്രവർത്തിക്കുന്ന എ.ഐ നിരീക്ഷണ ക്യാമറകൾക്കൊപ്പം SCADA അധിഷ്ഠിത നിയന്ത്രണ–നിരീക്ഷണ സംവിധാനവും, ശബ്ദ–പ്രകാശ പ്രതിരോധ സംവിധാനങ്ങളും, LAN–ഒപ്റ്റിക്കൽ ഫൈബർ കൺവെർട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ സംവിധാനത്തെയും ഏകോപിപ്പിക്കാൻ നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡർ (NVR) ഉൾപ്പെടെയുള്ള ആധുനിക കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×