സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ:

Krishna Kumar
2 Min Read

അക്രമികൾക്ക് ഭയം തോന്നുന്ന തരത്തിൽ നടപടി വേണം ഡൽഹി പൊലീസിനോട് സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിൽ പൊലീസ്  ശ്രദ്ധ കുറ്റകൃത്യം നടന്നശേഷമുള്ള നടപടികളിൽ മാത്രം ഒതുങ്ങരുതെന്ന് സുപ്രീംകോടതി. കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ള സാമൂഹികവിരുദ്ധ ശക്തികളുടെയും അക്രമികളുടെയും മനസ്സിൽ നിയമത്തെക്കുറിച്ചും പൊലീസിനെക്കുറിച്ചും ശക്തമായ ഭയം സൃഷ്ടിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

 

Ref.No:DPCI-PKD-50

ഡൽഹി-എൻസിആറിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ തിങ്കളാഴ്ച വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.“കുറ്റകൃത്യം നടന്നശേഷം എന്ത് ചെയ്യുന്നു എന്നതിലല്ല, കുറ്റകൃത്യം നടക്കുന്നതിന് മുമ്പ് അത് എങ്ങനെ തടയാം എന്നതിലാണ് പ്രാധാന്യം” എന്ന നിലപാടാണ് കോടതി മുന്നോട്ടുവച്ചത്.

സ്ത്രീകൾ സുരക്ഷിതരല്ലെന്ന പൊതുവികാരം, പ്രത്യേകിച്ച് ചില അപകടസാധ്യതയേറിയ മേഖലകളെക്കുറിച്ചുള്ള ആശങ്ക, ഗൗരവമായി കാണേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
“ഡൽഹി-എൻസിആറിലെ ഓരോ സ്ത്രീക്കും രാത്രി വൈകിയാലും സുരക്ഷിതത്വം അനുഭവപ്പെടണം” എന്നതാണ് കോടതിയുടെ നിർദേശം. റോഡുകൾ, മെട്രോ സ്റ്റേഷനുകൾ, പാർക്കുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പൊലീസ് സാന്നിധ്യവും നിരീക്ഷണവും കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയും ബെഞ്ച് ചൂണ്ടിക്കാട്ടി.

സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ടെന്നു രേഖകളിൽ പറയുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും അവ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടോ, ആവശ്യസമയത്ത് പ്രതികരിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യം തടയാൻ ആവശ്യമായ പൊലീസ് പട്രോളിങ്, CCTV നിരീക്ഷണം, തെരുവ് വിളക്കുകൾ, അടിയന്തര പ്രതികരണ സംവിധാനം തുടങ്ങിയവ പ്രവർത്തനക്ഷമമായിരിക്കണം. പൊതുസ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ യഥാർത്ഥ അവസ്ഥ സംബന്ധിച്ച് അധികൃതർ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോളേജുകൾ, സർവകലാശാലാ ക്യാമ്പസുകൾ, ബസ് സ്റ്റോപ്പുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പ്രത്യേകം വിലയിരുത്തണം. പെൺകുട്ടികൾ നിരന്തരം ശല്യം നേരിടുന്നുവെന്ന പരാതികളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻകരുതൽ പൊലീസ് ഇടപെടൽ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.

ആവർത്തിച്ച് ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയുന്നതിനും അവരുടെ മുൻകാല വിവരങ്ങൾ നിയമാനുസൃതമായി പരിശോധിക്കുന്നതിനും ഡാറ്റാബേസ് എത്രത്തോളം പ്രയോജനപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പൊലീസ്, സിവിൽ ഭരണകൂടം, ഗതാഗത സംവിധാനങ്ങൾ, നഗരസഭാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ സംവിധാനങ്ങൾ ഏകോപിതമായി പ്രവർത്തിച്ചാൽ മാത്രമേ സ്ത്രീകൾക്ക് യഥാർത്ഥ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്ന സന്ദേശവും കോടതിയുടെ ഇടപെടൽ നൽകുന്നു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×