ഹൃദയാഘാത ചികിത്സയിൽ ഓരോ നിമിഷവും നിർണായകം;
തിരുവനന്തപുരം: ഹൃദയാഘാതം പോലുള്ള അടിയന്തര ഹൃദ്രോഗ സാഹചര്യങ്ങളിൽ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ചികിത്സകളെക്കുറിച്ചുള്ള അനാവശ്യ സംശയങ്ങളും ഭയവും ചികിത്സ വൈകാൻ കാരണമാകരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) മുന്നറിയിപ്പ് നൽകുന്നു. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ ചികിത്സ ആരംഭിക്കുന്നതിലെ ഓരോ വൈകലും രോഗിയുടെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ആരംഭിച്ചാൽ ആദ്യം തന്നെ ആശുപത്രിയിലെത്തുകയും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാകുകയും ചെയ്യുകയാണ് പ്രധാനമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നെഞ്ചുവേദന, നെഞ്ചിൽ അമർച്ചയോ ഭാരമോ അനുഭവപ്പെടൽ, ശ്വാസംമുട്ടൽ, അമിത വിയർപ്പ്, ഛർദ്ദി, തലകറക്കം, അസാധാരണമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. ചിലരിൽ, പ്രത്യേകിച്ച് പ്രമേഹം ഉൾപ്പെടെയുള്ള മറ്റ്ആ രോഗ്യപ്രശ്നങ്ങളുള്ളവരിൽ, സാധാരണ നെഞ്ചുവേദനയില്ലാതെയും ഹൃദയാഘാതം സംഭവിക്കാം.

ST-elevation myocardial infarction (STEMI) പോലുള്ള ഗുരുതര ഹൃദയാഘാതങ്ങളിൽ അടഞ്ഞ കൊറോണറി ധമനിയിലെ രക്തപ്രവാഹം എത്രയും വേഗം പുനഃസ്ഥാപിക്കുകയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. ഇതിനായി അനുയോജ്യമായ രോഗികളിൽ Primary Percutaneous Coronary Intervention (PCI) അഥവാ പ്രൈമറി ആൻജിയോപ്ലാസ്റ്റി പ്രധാന ചികിത്സാ മാർഗമാണ്.
ഇന്ത്യൻ സാഹചര്യത്തെക്കുറിച്ചുള്ള മെഡിക്കൽ അവലോകനങ്ങളും പ്രൈമറി PCI ഫലപ്രദവും സുരക്ഷിതവുമായ ചികിത്സയാണെന്ന് വ്യക്തമാക്കുന്നു.
ഹൃദയാഘാതത്തിൽ ‘ഗോൾഡൻ അവർ’ എന്ന ആശയം ഇതുമായി ബന്ധപ്പെട്ടതാണ്. രോഗലക്ഷണങ്ങൾ ആരംഭിച്ചതിന് ശേഷം ചികിത്സ വൈകുന്തോറും ഹൃദയപേശിക്ക് സ്ഥിരമായ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത ഉയരും. ഇന്ത്യയിൽ ഹൃദയാഘാത രോഗികൾ ആശുപത്രിയിലെത്താൻ എടുക്കുന്ന സമയം പലപ്പോഴും ഗണ്യമായി കൂടുതലാണെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ആൻജിയോപ്ലാസ്റ്റി നിർദേശിക്കുമ്പോൾ ചില രോഗികളും ബന്ധുക്കളും ചികിത്സയുടെ അപകടസാധ്യതയെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. ശസ്ത്രക്രിയയാണോ, സ്റ്റന്റ് സ്ഥാപിക്കേണ്ടിവരുമോ, വൃക്കകളെ ബാധിക്കുമോ, ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുമോ തുടങ്ങിയ ചോദ്യങ്ങൾ സ്വാഭാവികമാണ്. എന്നാൽ അടിയന്തര ഹൃദയാഘാതത്തിന്റെ സാഹചര്യത്തിൽ ചികിത്സയെക്കുറിച്ചുള്ള സംശയങ്ങൾ കാരണം തീരുമാനം അനാവശ്യമായി നീട്ടുന്നത് തന്നെ അപകടകരമാകാം.
ചില ഹൃദയാഘാതങ്ങളിൽ മരുന്ന് ചികിത്സയ്ക്ക് നിർണായക സ്ഥാനമുണ്ടെങ്കിലും, അടിയന്തരമായി രക്തപ്രവാഹം പുനഃസ്ഥാപിക്കേണ്ട STEMI രോഗികളിൽ മരുന്ന് മാത്രം മതിയാകുമെന്ന് കരുതുന്നത് തെറ്റായ സമീപനമാകാം. പ്രൈമറി PCI സാധ്യമാകാത്ത സാഹചര്യങ്ങളിൽ ചില രോഗികൾക്ക് thrombolysis പോലുള്ള മറ്റ് reperfusion ചികിത്സകൾ പരിഗണിക്കാവുന്നതാണ്. രോഗിയുടെ അവസ്ഥയും ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയും അനുസരിച്ചാണ് മാർഗം തിരഞ്ഞെടുക്കുന്നത്.
ഇന്ത്യയിൽ ഹൃദയാഘാത ചികിത്സയിലെ പ്രധാന വെല്ലുവിളികളിലൊന്ന് രോഗി ആശുപത്രിയിലെത്തുന്നതിലെ കാലതാമസമാണ്. നെഞ്ചുവേദനയെ ‘ഗ്യാസ്’ അല്ലെങ്കിൽ ‘അസിഡിറ്റി’ എന്ന് കരുതി വീട്ടിൽ തുടരുക, വേദന കുറയുമെന്ന് പ്രതീക്ഷിക്കുക, സാമ്പത്തിക കാരണങ്ങളാൽ ആശുപത്രിയിലെത്താൻ വൈകുക, ആംബുലൻസിന് പകരം മറ്റ് യാത്രാമാർഗങ്ങൾ തിരഞ്ഞെടുക്കുക തുടങ്ങിയവ ചികിത്സ വൈകാൻ ഇടയാക്കുന്നു.
ഇത്തരം കാലതാമസം കുറയ്ക്കുന്നതിന് പൊതുജനങ്ങളിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തേണ്ടതുണ്ട്.



