പറളി: കേരള മുസ്ലിം ജമാഅത്ത് പറളി സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്‌എസ്എഫ് സംഘടനകളുടെ സംയുക്ത യോഗം പറളി ഫാറൂഖ് മസ്ജിദിൽ ചേർന്നു. അസർ നിസ്‌കാരത്തിന് ശേഷം നടന്ന യോഗത്തിൽ വിവിധ യൂണിറ്റ് കമ്മിറ്റികൾക്ക് സംഘടനാ പ്രവർത്തനങ്ങളും സിറാജ് ദിനപത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട നിർദേശങ്ങളും നൽകി.
അലി ഉസ്താദിന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. കേരള മുസ്ലിം ജമാഅത്ത് പറളി സർക്കിൾ ജനറൽ സെക്രട്ടറി സൈദ് അൻവരി സ്വാഗതം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് പറളി സർക്കിൾ പ്രസിഡന്റ് സലിം സഖാഫി അധ്യക്ഷത വഹിച്ചു.

വരാനിരിക്കുന്ന വിവിധ സമ്മേളനങ്ങളുടെയും സംഘടനാ പ്രവർത്തനങ്ങളുടെയും മുന്നോടിയായി താഴെത്തട്ടിലുള്ള യൂണിറ്റ് കമ്മിറ്റികളെ കൂടുതൽ സജീവമാക്കണമെന്ന് യോഗം നിർദേശിച്ചു. സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ‘നൂറ് പ്രകാശ വർഷങ്ങൾ’ എന്ന പ്രമേയത്തിലുള്ള സമ്മേളന പരിപാടികൾ പൂർണ വിജയമാക്കാനും യോഗം ആഹ്വാനം ചെയ്തു.
സിറാജ് ദിനപത്രത്തിന്റെ പ്രചാരണ ക്യാമ്പയിനും യോഗം പ്രത്യേക പ്രാധാന്യത്തോടെ ഏറ്റെടുത്തു. ഓരോ യൂണിറ്റിലേക്കും വരിക്കാരെ ചേർക്കുന്നതിനുള്ള ഫോമുകൾ വിതരണം ചെയ്തു. കൂടാതെ ഓരോ യൂണിറ്റ് കമ്മിറ്റിയിലും സിറാജ് ദിനപത്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഏഴംഗ സിറാജ് ടീം രൂപീകരിക്കാനും തീരുമാനിച്ചു.
സിറാജ് ടീം രൂപീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ യൂണിറ്റുകളിലേക്ക് കോർഡിനേറ്റർമാരെയും യോഗം ചുമതലപ്പെടുത്തി. അഞ്ചാംമൈൽ യൂണിറ്റിന് ഷിഹാബുദ്ദീൻ, പറളി യൂണിറ്റിന് കാജാ ഹുസൈൻ, പാന്തംപാടം യൂണിറ്റിന് ഇസ്മായിൽ, കമ്പ യൂണിറ്റിന് ഇബ്രാഹീം, പുള്ളോട് യൂണിറ്റിന് ഉസ്മാൻ സഖാഫി എന്നിവരെയാണ് കോർഡിനേറ്റർമാരായി തീരുമാനിച്ചത്.
സംഘടനയെയും പ്രസ്ഥാനത്തെയും വിവിധ ഘട്ടങ്ങളിൽ ശക്തിപ്പെടുത്തുന്നതിൽ സിറാജ് ദിനപത്രം വഹിച്ച പങ്കും യോഗത്തിൽ അനുസ്മരിച്ചു. പ്രസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കാനും ദുർബലപ്പെടുത്താനും ശ്രമങ്ങൾ ഉണ്ടായ ഘട്ടങ്ങളിൽ ആശയപ്രചാരണത്തിന് ശക്തമായ പിന്തുണ നൽകിയ മാധ്യമമെന്ന നിലയിൽ സിറാജിന്റെ സേവനം സലിം . സഖാഫി ഓർമ്മിപ്പിച്ചു.
സിറാജ് ദിനപത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കുണ്ടൂർ ഉസ്താദ് അടക്കമുള്ള മഹാന്മാരായ പണ്ഡിതന്മാരും സൂഫിവര്യന്മാരും നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങളും യോഗത്തിൽ അനുസ്മരിച്ചു. കിലോമീറ്ററുകളോളം സിറാജ് പത്രത്തിന്റെ കോപ്പികൾ ചുമന്ന് വിതരണം ചെയ്തുകൊണ്ട് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മഹത്തുക്കളുടെ മാതൃക ഇന്നത്തെ പ്രവർത്തകർ ഏറ്റെടുക്കണമെന്ന് സലിം സഖാഫി ഓർമപ്പെടുത്തി
സിറാജിന്റെ പാലക്കാട് എഡിഷൻ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും സംഘടനാ കുടുംബത്തിലെ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് സ്വാഗത പ്രഭാഷണത്തിൽ അൻവരി പ്രവർത്തകരെ ഉണർത്തുകയും ചെയ്തു. ഓരോ യൂണിറ്റിലും സിറാജ് ടീം രൂപീകരിച്ച് പ്രവർത്തനങ്ങൾ ക്രമബദ്ധമായി മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആദർശ സമ്മേളനം വിജയിപ്പിക്കുന്നതിനുമായി ജനപങ്കാളിത്തം ഉറപ്പാക്കുകയും മികച്ച പ്രഭാഷകരെ കണ്ടെത്തി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യാനും യോഗം തീരുമാനിച്ചു.
വൈകുന്നേരം കൃത്യം 6.15ന് അധ്യക്ഷന്റെ അനുമതിയോടെ കാജാ ഹുസൈൻ അൽഹസനി നന്ദി രേഖപ്പെടുത്തി. തുടർന്ന് യോഗം സമാപിച്ചു.




