പാകിസ്ഥാൻ ഐഎസ്ഐക്കായി ചാരപ്രവർത്തനം; ഡൽഹി ദമ്പതികൾ അറസ്റ്റിൽ

lavanya S
1 Min Read

ന്യൂഡൽഹി: പാകിസ്ഥാന്റെ ചാരസംഘടനയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ)യുടെ പിന്തുണയോടെ പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ചാരശൃംഖല ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
2024 മുതൽ രാജ്യത്തിനായി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ഇരുവരും നിരന്തരം ബന്ധത്തിലായിരുന്നുവെന്നും ഇന്ത്യയുമായി ബന്ധപ്പെട്ട അതീവ രഹസ്യമായ വിവരങ്ങൾ കൈമാറാൻ സഹായിച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലെ രഹസ്യാന്വേഷണ ശൃംഖലയ്ക്ക് ലഭ്യമാക്കുക, പുതിയ ആളുകളെ ചാരപ്രവർത്തനത്തിലേക്ക് റിക്രൂട്ട് ചെയ്യുക, രാജ്യത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ ശേഖരിച്ച് കൈമാറുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ദമ്പതികൾ പങ്കാളികളായിരുന്നുവെന്നാണ് സ്പെഷ്യൽ സെൽ പറയുന്നത്.

അന്വേഷണത്തിൽ ഡൽഹിയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചി, ഇസ്ലാമാബാദ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ച ബന്ധങ്ങൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ദമ്പതികൾക്ക് പണം അയച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ചാരശൃംഖലയുടെ പ്രവർത്തനങ്ങൾ എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×