കേരളത്തിനു ലഭിക്കേണ്ട ജലം കനാൽ വഴി തിരിച്ചുവിട്ട് തമിഴ്നാട്; സർക്കാർപതിയിൽ വൈദ്യുതി ഉൽപാദനം നിലച്ചു.
കൊല്ലങ്കോട് ∙ പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളം ആവശ്യപ്പെട്ട വെള്ളം ലഭിക്കുന്നതിൽ വൻ കുറവ് നേരിടുമ്പോഴും, സർക്കാർപതി ജലവൈദ്യുതി നിലയത്തിലേക്ക് എത്തേണ്ട വെള്ളം തമിഴ്നാട് തിരുമൂർത്തി അണക്കെട്ടിലേക്കു തിരിച്ചുവിടുന്നു. ഒരാഴ്ചയിലേറെയായി സർക്കാർപതിയിൽ വൈദ്യുതി ഉൽപാദനവും നിലച്ചു. വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിച്ച ശേഷം ആളിയാർ അണക്കെട്ടിലേക്ക് ഒഴുക്കേണ്ട വെള്ളമാണ് കോണ്ടൂർ കനാൽ വഴി തിരുമൂർത്തി അണക്കെട്ടിലേക്കു കൊണ്ടുപോകുന്നത്. ഈ മാസം 22 വരെ മണക്കടവ് വിയർ വഴി കേരളത്തിനു ലഭിക്കേണ്ടിയിരുന്നത് 571 ദശലക്ഷം ഘനയടി വെള്ളമാണ്. എന്നാൽ ഇതുവരെ ലഭിച്ചത് 266 ദശലക്ഷം ഘനയടി മാത്രം.1050 അടി സംഭരണ ശേഷിയുള്ള ആളിയാർ അണക്കെട്ടിൽ ഇന്നലെ 986.95 അടി വെള്ളം മാത്രമാണുള്ളത്.
.മുഖ്യമന്ത്രി തലത്തിൽ ഇടപെടൽ ഉണ്ടാകും.
മഴക്കുറവിന്റെ പ്രശ്നമുണ്ടെങ്കിലും സംസ്ഥാനത്തിന് അർഹതപ്പെട്ട വെള്ളം ഉറപ്പാക്കാൻ മുഖ്യമന്ത്രി തലത്തിൽ ഇടപെടൽ ഉണ്ടാകും. 2023–24 വർഷത്തെക്കാൾ കുറവു വെള്ളമാണ് അണക്കെട്ടുകളിൽ ഉള്ളത്. എന്നാൽ അതിനെക്കാൾ വെള്ളം നേടിയെടുത്തിട്ടുണ്ട്. 25 വർഷത്തിനിടെ ഏറ്റവും കുറവു മഴ ലഭിച്ച വർഷമാണിത്. പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി തലത്തിൽ ഇടപെടൽ നടത്തി അർഹമായ വെള്ളം നേടിയെടുക്കും. പ്രദേശത്തിന്റെ ജലസുരക്ഷ ഉറപ്പാക്കും.
.സുമേഷ് അച്യുതൻ എംഎൽഎ സർക്കാർ തലത്തിൽ നീക്കമില്ല….
പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കൃഷിക്ക് ജലസേചന സൗകര്യം ഉറപ്പാക്കാൻ സംസ്ഥാനത്തിനു വെള്ളം ലഭിക്കണം. മുൻകാലങ്ങളിൽ മഴക്കുറവു നേരിട്ട സമയത്തു സംസ്ഥാന സർക്കാർ ഇടപെട്ടാണ് വെള്ളം ഉറപ്പാക്കിയത്. എന്നാൽ ഈ സർക്കാരിന്റെ ഭാഗത്തു നിന്ന് അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല. മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം സംസ്ഥാനത്തിനു ലഭിക്കേണ്ട വെള്ളത്തിൽ കണക്കാക്കേണ്ടതില്ല. അല്ലാതെ തന്നെ നൽകാനുള്ള വെള്ളം അണക്കെട്ടുകളിലുണ്ട്. യഥാസമയത്തുള്ള സർക്കാർ ഇടപെടലിലെ വീഴ്ചയാണു പ്രതിസന്ധി സൃഷ്ടിക്കുന്നത് – മുൻ മന്ത്രി കെ.കൃഷ്ണൻകുട്ടി



