റഷ്യ-ജപ്പാൻ അവകാശവാദമുള്ള ദ്വീപുകൾക്ക് സമീപം മിസൈൽ പരീക്ഷണം നടത്തി; തർക്കം രൂക്ഷമാകുന്നു

Vrinda Rajan
1 Min Read

മോസ്കോ/ടോക്കിയോ : റഷ്യയും ജപ്പാനും തമ്മിലുള്ള ദീർഘകാല പ്രാദേശിക തർക്കം വീണ്ടും രൂക്ഷമാകുന്നു. ജപ്പാൻ അവകാശപ്പെടുന്ന ദക്ഷിണ കുരിൽ ദ്വീപുകൾക്ക് സമീപം റഷ്യയുടെ പസഫിക് ഫ്ലീറ്റ് മിസൈൽ പരീക്ഷണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷം കൂടുതൽ ശക്തമായത്.

ജപ്പാൻ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം ജപ്പാൻ അംബാസഡർ അകിര മുത്തോയെ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണത്തിന്റെ വിവരം പുറത്തുവന്നത്. ഓഗസ്റ്റ് 13-ന് നാല് ദ്വീപുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ഏറ്റവും വലിയ ദ്വീപായ എറ്റോറോഫു (Etorofu) പുടിൻ സന്ദർശിച്ചിരുന്നു. ജപ്പാൻ ഈ ദ്വീപുകളെ ‘നോർതേൺ ടെറിട്ടറീസ്’ എന്നും റഷ്യ ‘സതേൺ കുരിൽസ്’ എന്നും വിളിക്കുന്നു.

എറ്റോറോഫുവിൽ വിന്യസിച്ചിരിക്കുന്ന ബാസ്റ്റ്യൻ (Bastion) തീരസംരക്ഷണ കപ്പൽവിരുദ്ധ മിസൈൽ സംവിധാനമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചതെന്ന് പസഫിക് ഫ്ലീറ്റ് അറിയിച്ചു. പസഫിക് ഫ്ലീറ്റിന്റെ ഫ്ലാഗ്ഷിപ്പായ ഗൈഡഡ് മിസൈൽ ക്രൂസർ വര്യാഗ് (Varyag), ആണവശക്തിയിൽ പ്രവർത്തിക്കുന്ന ഓംസ്ക് (Omsk) അന്തർവാഹിനി എന്നിവയും പരീക്ഷണത്തിൽ പങ്കെടുത്തു.

ശത്രു കപ്പലുകൾക്കെതിരായ ആക്രമണം അനുകരിച്ചായിരുന്നു പരീക്ഷണം. കുറഞ്ഞത് 300 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെ മിസൈലുകൾ വിജയകരമായി തകർത്തതായും റഷ്യൻ നാവികസേന അവകാശപ്പെട്ടു.

എറ്റോറോഫു, കുനാഷിരി, ഷിക്കോട്ടാൻ, ഹബോമൈ ദ്വീപസമൂഹം എന്നിവയാണ് തർക്കത്തിലുള്ള നാല് പ്രധാന പ്രദേശങ്ങൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ, 1945 ഓഗസ്റ്റ് 15-ന് ജപ്പാൻ കീഴടങ്ങിയതിന് പിന്നാലെ സോവിയറ്റ് യൂണിയൻ ഈ ദ്വീപുകൾ അനധികൃതമായി പിടിച്ചെടുത്തതാണെന്നാണ് ജപ്പാന്റെ നിലപാട്. എന്നാൽ യുദ്ധത്തിന്റെ ഫലമായി ദ്വീപുകൾ റഷ്യയുടെ ഭാഗമായതാണെന്നും നടപടി നിയമാനുസൃതമാണെന്നും റഷ്യ വാദിക്കുന്നു.

2022-ൽ റഷ്യ യുക്രെയ്‌നിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ജപ്പാനും ജി7 രാജ്യങ്ങളും മോസ്കോയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ റഷ്യ–ജപ്പാൻ ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×