മുഖ്യമന്ത്രിയുടെ ഇസ്‌ലാം വിരുദ്ധ പരാമർശം പിൻവലിക്കണം; മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണം: കേരള മുസ്‌ലിം ജമാഅത്ത്

Zaid Ebrahim Anwari
1 Min Read

മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളുടെ പൊതുരംഗപ്രവേശനവുമായി ബന്ധപ്പെട്ട പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇസ്‌ലാമിക ചരിത്രത്തെയും സംഭവങ്ങളെയും ശരിയായ പശ്ചാത്തലം മനസ്സിലാക്കാതെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പരസ്യമായി അഭിപ്രായപ്രകടനം നടത്തുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവനയെ കേരള മുസ്‌ലിം ജമാഅത്ത് നേരത്തെ തന്നെ മതപരമായ മാർഗനിർദേശത്തിന്റെ ഭാഗമായാണ് വിശദീകരിച്ചിരുന്നത്. ഇസ്‌ലാമിക പ്രമാണങ്ങളിൽ അധിഷ്ഠിതമായ മതപരമായ കാഴ്ചപ്പാട് വിശ്വാസിസമൂഹത്തോട് പങ്കുവെക്കാനുള്ള അവകാശം ഒരു മതപണ്ഡിതനുണ്ടെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരമൊരു മതപരമായ നിർദേശത്തെ അതിന്റെ പശ്ചാത്തലം പരിശോധിക്കാതെ പൊതുവായ രാഷ്ട്രീയ വിവാദമാക്കി മാറ്റുന്നത് ശരിയായ സമീപനമല്ലെന്നാണ് സംഘടനയുടെ നിലപാട്. ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസസ്വാതന്ത്ര്യവും സ്വന്തം മതവിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള അവകാശവും എല്ലാവർക്കും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

Ref.No:ZE-515-024-50

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനോ സാമൂഹിക സേവനത്തിനോ ഇസ്‌ലാം എതിരല്ലെന്നും അധ്യാപനം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ പ്രവർത്തിക്കുന്നതിനെ എതിർക്കുന്ന നിലപാടല്ല തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്നും കേരള മുസ്‌ലിം ജമാഅത്ത് വ്യക്തമാക്കിയിട്ടുണ്ട്. കുടുംബവും സാമൂഹിക ധാർമികതയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മതപരമായ നിർദേശങ്ങളാണ് കാന്തപുരത്തിന്റെ പ്രസ്താവനയുടെ അടിസ്ഥാനമെന്നും സംഘടന വിശദീകരിക്കുന്നു.

ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് സംസാരിക്കുമ്പോൾ ചരിത്രസംഭവങ്ങളെ അവയുടെ കാലഘട്ടവും സാമൂഹിക-മതപരമായ പശ്ചാത്തലവും ഉൾപ്പെടെ പഠിക്കേണ്ടതുണ്ടെന്നും സംഘടന ആവശ്യപ്പെട്ടു.

വായനാപ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വിശുദ്ധ ഖുർആനും പ്രവാചകചരിത്രവും ഇസ്‌ലാമിക ചരിത്രവും കൂടുതൽ ആഴത്തിൽ പഠിച്ചശേഷം ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാൻ തയ്യാറാകണമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തന്റെ പരാമർശം പിൻവലിക്കുകയും മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയുകയും വേണമെന്നാണ് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രധാന ആവശ്യം.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×