മുസ്‌ലിം വൈസ് പ്രിൻസിപ്പലിനെ നിർബന്ധിച്ച് രാജിവെപ്പിച്ചു

Anaidha S Karyat
1 Min Read

പിന്നാലെ കോളേജ് ‘ശുദ്ധിയാക്കി’ എബിവിപി….

കൊൽക്കത്ത: പരീക്ഷാ ഹാജർ ചട്ടങ്ങൾ കർശനമാക്കിയതിന്റെ പേരിൽ വൈസ് പ്രിൻസിപ്പലിനെ സ്വന്തം ഓഫീസിൽ 23 മണിക്കൂറോളം ഘെരാവോ ചെയ്ത് നിർബന്ധിച്ച് രാജി എഴുതിവാങ്ങിയ ശേഷം ചേമ്പറിൽ ഗംഗാജലം തളിച്ച് എ.ബി.വി.പി വിദ്യാർഥികളുടെ ‘ശുദ്ധികലശം’. കൊൽക്കത്തയിലെ പ്രശസ്തമായ സുരേന്ദ്രനാഥ് ലോ കോളേജിലാണ് സംഭവം. വൈസ് പ്രിൻസിപ്പലും അധ്യാപക ചുമതലയുമുള്ള പ്രൊഫസർ മുഹമ്മദി തറന്നുമിന് നേരെയാണ് സംഘപരിവാർ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ നേതൃത്വത്തിൽ വംശീയ അധിക്ഷേപങ്ങളും അതിക്രമവും അരങ്ങേറിയത്.

സെപ്റ്റംബർ 29-ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന കുറഞ്ഞത് 65 ശതമാനം ഹാജർ വേണമെന്ന് മുഹമ്മദി തറന്നും കർശന നിലപാടെടുത്തതാണ് ഒരു വിഭാഗം വിദ്യാർഥികളെ പ്രകോപിപ്പിച്ചത്.

കോളേജിലെ 900-ഓളം വിദ്യാർഥികളിൽ ഭൂരിഭാഗത്തിനും ആവശ്യമായ ഹാജരില്ലായിരുന്നു. ഇതിനെത്തുടർന്ന് സെപ്റ്റംബർ 11-ന് ഓഫീസിലെത്തിയ അധ്യാപികയെ വിദ്യാർഥികൾ വളയുകയും വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ച് മണിക്കൂറുകളോളം തടഞ്ഞുവെക്കുകയുമായിരുന്നു.

Ref.No:AS-994-019-50

വിദ്യാർഥികൾ എഴുതിക്കൊണ്ടുവന്ന രാജിപത്രത്തിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിക്കുകയായിരുന്നുവെന്ന് അധ്യാപിക വ്യക്തമാക്കി. തുടർന്ന് പോലീസ് സംരക്ഷണത്തിൽ ഇവർ ക്യാമ്പസിന് പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ, എ.ബി.വി.പി പ്രവർത്തകർ ഇവരുടെ ചേമ്പറിൽ കയറി ചന്ദനത്തിരി കത്തിക്കുകയും ഗംഗാജലം തളിച്ച് മുറി “ശുദ്ധീകരിച്ചതായി” പ്രഖ്യാപിക്കുകയുമായിരുന്നു.

തന്റെ മതത്തെയും ജാതിയെയും രാഷ്ട്രീയത്തെയും മുൻനിർത്തി അങ്ങേയറ്റം അശ്ലീലവും മോശവുമായ വാക്കുകളാലാണ് വിദ്യാർഥികൾ അധിക്ഷേപിച്ചതെന്നും, രണ്ട് ദിവസത്തോളം താൻ അസുഖബാധിതയായി കിടപ്പിലായെന്നും 25 വർഷത്തെ സർവീസ് പാരമ്പര്യമുള്ള മുഹമ്മദി തറന്നും പ്രതികരിച്ചു.

നിർബന്ധിച്ച് ഒപ്പിടുവിച്ച രാജി അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ഇവർ സർക്കാരിനും കൽക്കട്ട സർവകലാശാലാ അധികൃതർക്കും കത്തയച്ചിട്ടുണ്ട്. ബി.ജെ.പി എം.എൽ.എ കൗസ്തവ് ബാഗ്ചി പ്രസിഡന്റായ ഭരണസമിതിയാണ് നിലവിൽ കോളേജ് നിയന്ത്രിക്കുന്നത്. ഹാജർ കുറവുള്ള കുട്ടികൾക്കായി ഞായറാഴ്ചകളിലടക്കം പ്രത്യേക ക്ലാസുകൾ ക്രമീകരിക്കാൻ അധ്യാപിക ശ്രമിക്കുന്നതിനിടെയാണ് അവർക്കെതിരെ വിദ്വേഷ പ്രചാരണവും ആസൂത്രിത അതിക്രമവും ഉണ്ടായത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×