മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം

Madhu Lekha
1 Min Read

തിരുവനന്തപുരം : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും സംബന്ധിച്ച് ഉയർന്നുവന്ന ആശങ്കകൾക്കിടയിലാണ് തിങ്കളാഴ്ച നിയമസഭയിൽ നിർണായകമായ ഈ നീക്കം ഉണ്ടായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയത്തിന് ഭരണകക്ഷിയായ യു.ഡി.എഫിനും പ്രതിപക്ഷമായ എൽ.ഡി.എഫിനും പിന്തുണ ലഭിച്ചു. ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ എതിർത്തു.

Ref.No:DPCI-PKD-50

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആർ. (Special Intensive Revision) നടപടികളിലെ ക്രമക്കേടുകൾ പരിഹരിക്കുക, പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുക, തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സമിതിയുടെ ഘടന പരിഷ്കരിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജനാധിപത്യത്തിന്റെ അടിസ്ഥാനശില സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പുകളാണെന്നും ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. വോട്ടർപട്ടികയിലെ പിഴവുകളും ക്രമക്കേടുകളും ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന ആശങ്കയും ഇതിൽ ഉന്നയിച്ചിട്ടുണ്ട്.വോട്ടർപട്ടികയിൽനിന്ന് അർഹരായവരെ ഒഴിവാക്കുന്നത് അവരുടെ ഭരണഘടനാപരമായ അവകാശത്തെ ബാധിക്കുന്നതിനു പുറമേ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്നാണ്  നിയമസഭയുടെ നിലപാട്.

വോട്ടർപട്ടിക തയ്യാറാക്കുന്നതിനും പരിശോധിക്കുന്നതിനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും നിയമാനുസൃതതയും ഉറപ്പാക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നാണ് പ്രമേയത്തിലെ മറ്റൊരു പ്രധാന ആരോപണം. ഈ സാഹചര്യത്തിൽ എസ്.ഐ.ആർ. നടപടികളിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്നും പട്ടികയിൽനിന്ന് തെറ്റായി ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ വോട്ടർമാരുടെയും പേരുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിയമസഭ ആവശ്യപ്പെട്ടു.

പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ, ജനാധിപത്യത്തിന്റെ നിലനിൽപ്പിനും ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനും വോട്ടവകാശം നിർണായകമാണെന്ന നിലപാടാണ് മുന്നോട്ടുവച്ചത്. അർഹരായ പൗരന്മാരുടെ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×