ഇന്ത്യൻ മഹാസമുദ്രത്തിലെ മേധാവിത്വമത്സരം കടുക്കുന്നു.
സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിരവധി വിദേശപര്യടനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു ചരടുണ്ട്- വജ്രഹാരം അഥവാ ഡയമണ്ട് നെക്ലസ് എന്നു വിളിക്കപ്പെടുന്ന രാജ്യസുരക്ഷാതന്ത്രം. ചുറ്റും താവളങ്ങളുണ്ടാക്കി ഇന്ത്യയെ ശ്വാസം മുട്ടിക്കാൻ വർഷങ്ങൾ കൊണ്ട് ചൈന കെട്ടിപ്പടുത്ത മുത്തുമാലയെ (സ്ട്രിങ് ഓഫ് പേൾസ്) അപ്രസക്തമാക്കാൻ ഇന്ത്യ വിളക്കിയെടുക്കുന്ന വജ്രായുധമാണതെന്ന് കരുതപ്പെടുന്നു.
ഹയ്‌നാനിൽ തുടങ്ങി ദക്ഷിണ ചൈനാ കടൽ, ബംഗാൾ ഉൾക്കടൽ വഴി പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ജിബൂട്ടി, ഗ്വാദർ, ഹമ്പൻതോട്ട എന്നിവ വരെ നീളുന്ന തുറമുഖങ്ങളുടെയും സൈനിക താവളങ്ങളുടെയും വാണിജ്യകേന്ദ്രങ്ങളുടെയും ശൃംഖല ബീജിങ് നിർമിച്ചെടുത്തിട്ടുണ്ട്.



