പാലക്കാട്: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുമായി 80 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ അനുമതി നൽകി. ഇതോടൊപ്പം നിലവിലുള്ള 94 താൽക്കാലിക തസ്തികകൾക്കും തുടർച്ചാനുമതി അനുവദിച്ചു. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയാണ് ഇക്കാര്യം അറിയിച്ചത്.
ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ഇ.സി.ജി. ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, റേഡിയോഗ്രാഫർ, നഴ്സിംഗ് അസിസ്റ്റന്റ്, ഡ്രൈവർ കം പ്യൂൺ, അനസ്തേഷ്യ ടെക്നീഷ്യൻ തുടങ്ങിയ വിഭാഗങ്ങളിലായാണ് 80 പുതിയ തസ്തികകൾ അനുവദിച്ചിരിക്കുന്നത്. ഇവിടങ്ങളിലേക്ക് അടിയന്തരമായി ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്താനാണ് തീരുമാനം.

ആകെ 80 തസ്തികകൾ.
മെഡിക്കൽ കോളജിൽ നിലവിൽ ജോലി ചെയ്യുന്ന 94 താൽക്കാലിക ജീവനക്കാരുടെ തസ്തികകൾക്കും തുടർച്ചാനുമതി നൽകിയിട്ടുണ്ട്. നഴ്സിംഗ് വിഭാഗം, ലാബ്, റേഡിയോളജി, ഫാർമസി, ക്ലീനിംഗ് വിഭാഗം തുടങ്ങിയ മേഖലകളിലെ ജീവനക്കാരുടെ സേവനം തുടരുന്നതിനാണ് അനുമതി.
ഇതോടൊപ്പം മെഡിക്കൽ കോളജിലെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിന്റെ പ്രധാന കെട്ടിടത്തിന്റെ നിർമാണം ഏകദേശം 90 ശതമാനം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കി കെട്ടിടം ബന്ധപ്പെട്ട വകുപ്പിന് കൈമാറും. കെട്ടിടം ലഭ്യമാകുന്നതോടെ ലിഫ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും സാധിക്കും.
പുതിയ തസ്തികകൾ അനുവദിച്ചതും താൽക്കാലിക ജീവനക്കാർക്ക് തുടർച്ചാനുമതി നൽകിയതും മെഡിക്കൽ കോളജിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക നടപടികളാണ്. ഇതിലൂടെ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടുത്താനും രോഗികൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.



