ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ ജാവ പ്രവിശ്യയിലെ മദുര ദ്വീപിന് സമീപം യാത്രാമധ്യേ ഒരു യാത്രാ ഫെറിക്ക് തീപിടിച്ചുണ്ടായ ദുരന്തത്തിൽ അഞ്ച് പേർ മരിക്കുകയും 41 പേരെ കാണാതാകുകയും ചെയ്തു. തീപിടിത്തസമയത്ത് ഫെറിയിൽ 271 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് ഇന്തോനേഷ്യൻ തിരച്ചിൽ-രക്ഷാപ്രവർത്തന ഏജൻസിയായ ബസർനാസ് (Basarnas) അറിയിച്ചത്.
‘മുതിയാര സെന്തോസ 2’ (Mutiara Sentosa 2) എന്ന ഫെറി കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ദക്ഷിണ സുലവേസിയിലെ മകാസറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹന ഡെക്കിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നാണ് പ്രാഥമിക വിവരം. ശക്തമായ കാറ്റിനെ തുടർന്ന് തീ അതിവേഗം പടരുകയും യാത്രക്കാർ പരിഭ്രാന്തരായി ജീവൻ രക്ഷിക്കാൻ കടലിലേക്ക് ചാടുകയും ചെയ്തു.

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി നാവികസേന, കോസ്റ്റ് ഗാർഡ്, രക്ഷാബോട്ടുകൾ, സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകൾ എന്നിവയെ വിന്യസിച്ചു. 225-ലധികം പേരെ രക്ഷപ്പെടുത്തി. എന്നാൽ നിരവധി പേരെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. പ്രതികൂലമായ കടൽ സാഹചര്യങ്ങൾ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഇന്തോനേഷ്യൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് സമുദ്രഗതാഗതം വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന ആവശ്യം വീണ്ടും ഉയർന്നിരിക്കുകയാണ്.



