ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ ഡാർഫർ മേഖലയിൽ കടുത്ത വംശീയ അതിക്രമങ്ങളും മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളും നടക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട്. സുഡാനിലെ പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (RSF) വടക്കൻ ഡാർഫറിലെ തന്ത്രപ്രധാന നഗരമായ ‘എൽ ഫാഷർ’ പിടിച്ചെടുക്കുന്നതിനിടയിൽ ആസൂത്രിതമായ വംശഹത്യയും കൂട്ടക്കൊലകളും നടത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
പരമ്പരാഗതമായി ആഫ്രിക്കൻ ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഈ മേഖലയിൽ, ജനങ്ങളെ വംശീയമായി ലക്ഷ്യം വെച്ചാണ് ആക്രമണങ്ങൾ നടക്കുന്നത്. നഗരത്തിലെ ജനവാസ മേഖലകൾക്ക് നേരെ വ്യാപകമായ ഷെല്ലാക്രമണങ്ങളും, ആശുപത്രികൾക്ക് നേരെയുള്ള അക്രമങ്ങളും സാധാരണക്കാരായ ജനങ്ങളുടെ കൂട്ടക്കൊലയുമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വലിയൊരു മാനുഷിക ദുരന്തത്തിനാണ് ഡാർഫർ സാക്ഷ്യം വഹിക്കുന്നതെന്നും, അടിയന്തിരമായി അന്താരാഷ്ട്ര സമൂഹം ഇടപെട്ടില്ലെങ്കിൽ വംശീയ ഉന്മൂലനം കൂടുതൽ ഭീകരമാകുമെന്നും മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ജീവൻ രക്ഷിക്കാനായി ഇതിനകം അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുള്ളത്.



