ആഗോള കാലാവസ്ഥയിൽ വൻ വ്യതിയാനങ്ങൾക്ക് കാരണമാകുന്ന ‘എൽ നിനോ ‘(El Niño) പ്രതിഭാസം പസഫിക് സമുദ്രത്തിൽ ഔദ്യോഗികമായി രൂപപ്പെട്ടതായി വേൾഡ് മീറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) മുന്നറിയിപ്പ് നൽകി. വരും മാസങ്ങളിൽ ഇത് കൂടുതൽ ശക്തമാകുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഈ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കുന്നത്.
2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ എൽ നിന്യോ അതിന്റെ തീവ്രാവസ്ഥയിൽ എത്തും. പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ മേഖലകളിൽ സമുദ്രോപരിതല താപനില സാധാരണയേക്കാൾ 2°C വരെ ഉയരാൻ സാധ്യതയുണ്ട്.
ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗങ്ങൾക്കും, കടുത്ത വരൾച്ചയ്ക്കും, ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും കാരണമാകുമെന്ന് WMO ജനറൽ സെക്രട്ടറി സെലസ്റ്റി സാവ്ലോ മുന്നറിയിപ്പ് നൽകി. കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളെ ഇത് ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ യുഎൻ ഏജൻസികളും വിവിധ രാജ്യങ്ങളിലെ സർക്കാരുകളും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.
വിവിധ പ്രദേശങ്ങളെ എങ്ങനെ ബാധിക്കും?
-
ഇന്ത്യൻ ഉപഭൂഖണ്ഡം & ഓസ്ട്രേലിയ: സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ മാത്രമായിരിക്കും ഇവിടെ ലഭിക്കുക. ഇത് കടുത്ത ചൂടിലേക്കും വരൾച്ചയിലേക്കും നയിച്ചേക്കാം.
-
പസഫിക് മേഖല: പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ ഭാഗങ്ങളിലും ആഫ്രിക്കയിലെ ഗൾഫ് ഓഫ് ഗിനിയയിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കും.
-
ആഫ്രിക്ക & അമേരിക്ക: ഹോൺ ഓഫ് ആഫ്രിക്ക, മധ്യ അമേരിക്ക, കരീബിയൻ ദ്വീപുകൾ, തെക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ കുറയാൻ സാധ്യതയുണ്ട്.
-
യൂറോപ്പ്: തെക്കൻ യൂറോപ്പിൽ കൂടുതൽ മഴയ്ക്കും വടക്കൻ യൂറോപ്പിൽ വരണ്ട കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെങ്കിലും ഇതിൽ പൂർണ്ണമായ സ്ഥിരീകരണമായിട്ടില്ല.
എന്താണ് എൽ നിനോ (El Niño)?
പസഫിക് സമുദ്രത്തിലെ ജലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണിത്. സാധാരണയായി 2 മുതൽ 7 വർഷം കൂടുമ്പോൾ ഉണ്ടാകുന്ന ഈ പ്രതിഭാസം 9 മുതൽ 12 മാസം വരെ നീണ്ടുനിൽക്കാറുണ്ട്. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ മാറ്റിമറിക്കാൻ ശേഷിയുള്ള ഏറ്റവും ശക്തമായ പ്രതിഭാസങ്ങളിൽ ഒന്നാണിത്.



