അടുത്ത 5 വർഷത്തേക്ക് 5,467 കോടി രൂപ വകയിരുത്തി
ഭുവനേശ്വർ: ഒഡീഷയിൽ കിന്റർഗാർട്ടൻ (KG) മുതൽ പോസ്റ്റ് ഗ്രാജ്വേഷൻ (PG) വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കുന്ന പുതിയ പദ്ധതിക്ക് ഒഡീഷ മന്ത്രിസഭ അംഗീകാരം നൽകി. ‘ജ്ഞാനോദയ – ശിക്ഷാരു സമൃദ്ധി’ (Gyanodaya – Shiksharu Samruddhi) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്കായി അടുത്ത അഞ്ച് വർഷത്തേക്ക് 5,467 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും എളുപ്പത്തിലും കുറഞ്ഞ ചിലവിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. 2026-27 അധ്യയന വർഷം മുതൽ പുതിയ പദ്ധതി പ്രാബല്യത്തിൽ വരും.
സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ റഗുലർ കോഴ്സുകൾക്ക് ചേരുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശന ഫീസ് പൂർണ്ണമായും ഒഴിവാക്കും. സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും, സംസ്ഥാന പബ്ലിക് യൂണിവേഴ്സിറ്റികൾ, സർക്കാർ കോളേജുകൾ, എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ റഗുലർ മോഡിൽ അണ്ടർ ഗ്രാജ്വേറ്റ് (UG), പോസ്റ്റ് ഗ്രാജ്വേറ്റ് (PG) കോഴ്സുകൾ പഠിക്കുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
വിദ്യാഭ്യാസ മേഖലയിൽ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുന്നതാണ് ഒഡീഷ സർക്കാരിന്റെ ഈ പുതിയ ചുവടുവെപ്പ്.



