ഖത്തറിന്റെ മുൻ അമീറും, നിലവിലെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പിതാവുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി വിടവാങ്ങിയിരിക്കുന്നു.
ഒരു രാജ്യത്തിന്റെ ചരിത്രത്തിൽ ചില ഭരണാധികാരികൾ ഭരണാധികാരികൾ മാത്രമല്ല; അവർ ഒരു ജനതയുടെ ഭാവിയെ രൂപപ്പെടുത്തുന്ന ദർശനങ്ങളായി മാറുന്നു…
അത്തരമൊരു അസാധാരണ നേതാവായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി.
ഖത്തറിന്റെ ചരിത്രത്തിൽ മാത്രമല്ല, ലോകഭൂപടത്തിൽ തന്നെ ഈ ചെറിയ രാഷ്ട്രത്തിന് അഭിമാനകരമായ ഒരു മേൽവിലാസം സൃഷ്ടിച്ച രാഷ്ട്രശിൽപിയായിരുന്നു അദ്ദേഹം.
ദീർഘവീക്ഷണവും കർമ്മകുശലതയും അക്ഷീണമായ പ്രവർത്തനശേഷിയും ചേർന്ന അദ്ദേഹത്തിന്റെ നേതൃത്വം ഖത്തറിനെ പ്രാദേശിക ശക്തിയിൽ നിന്ന് ആഗോള സ്വാധീനമുള്ള രാഷ്ട്രമാക്കി ഉയർത്തി.
1995-ൽ ഭരണച്ചുമതലയേറ്റ അദ്ദേഹം ഖത്തറിനെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സമ്പന്നരാജ്യമാക്കി മാത്രം നിലനിർത്തിയില്ല; വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, ഊർജമേഖല, ശാസ്ത്രം, കായികം, മാധ്യമം, അന്താരാഷ്ട്ര നയതന്ത്രം തുടങ്ങി എല്ലാ മേഖലകളിലും ഭാവിയെ മുൻകൂട്ടിക്കണ്ട് പദ്ധതികൾ ആവിഷ്കരിക്കുകയും അവ കൃത്യമായി നടപ്പാക്കുകയും ചെയ്തു കൊണ്ട് ഇന്ന് ലോകം കാണുന്ന ആധുനിക ഖത്തറിന്റെ അടിത്തറയിൽ അദ്ദേഹത്തിന്റെ ദർശനത്തിന്റെ വ്യക്തമായ മുദ്ര പതിഞ്ഞുകിടക്കുന്നു.
2010-ൽ ഖത്തറിന് ഫിഫ ലോകകപ്പ് ആതിഥേയത്വം ലഭിച്ചപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിഹാസവും സംശയവും ഉയർന്നിരുന്നു.
“ഇത്ര ചെറിയൊരു രാജ്യത്തിന് ലോകകപ്പ് നടത്താനാകുമോ എന്ന പലരുടെയും ചോദ്യത്തിനും വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത് പ്രസംഗങ്ങൾ കൊണ്ടായിരുന്നില്ല; ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ, ദോഹ മെട്രോ, ആധുനിക റോഡുകൾ, മികച്ച പൊതുഗതാഗത സംവിധാനം, കായിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവ സൃഷ്ടിച്ചുകൊണ്ടായിരുന്നു. 2022-ലെ ലോകകപ്പ് അവസാനിച്ചപ്പോൾ ഒരിക്കൽ വിമർശിച്ചവർ തന്നെ ഖത്തറിന്റെ സംഘാടനമികവിനെ പ്രശംസിച്ചു. വാക്കുകൾ കൊണ്ടല്ല, പ്രവർത്തികൾ കൊണ്ടാണ് മറുപടി നൽകേണ്ടതെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു.
ഒരു നേതാവിന്റെ മഹത്വം അദ്ദേഹം എത്രകാലം അധികാരത്തിലിരുന്നു എന്നതിലല്ല; അദ്ദേഹം തന്റെ ജനതയ്ക്ക് എത്ര ദൂരം മുന്നോട്ടുള്ള വഴി തുറന്നുകൊടുത്തു എന്നതിലാണ്…
ആ അർഥത്തിൽ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഒരു ഭരണാധികാരി മാത്രമായിരുന്നില്ല; കാലത്തെക്കാൾ മുന്നിൽ ചിന്തിച്ച ഒരു രാഷ്ട്രനിർമാതാവും ദർശനമുള്ള ലോകനേതാവുമായിരുന്നു.
എല്ലാ മനുഷ്യരും ഈ ലോകത്തുനിന്ന് വിടവാങ്ങും എന്നാൽ അവരുടെ സൽകർമങ്ങളും അവർ നിർമ്മിച്ച മാനവിക മൂല്യമുള്ള ചരിത്രവും അവർ ഉയർത്തിയ സ്ഥാപനങ്ങളും അവർ നൽകിയ ദർശനവും കാലത്തെ അതിജീവിച്ചുകൊണ്ട് ജീവിക്കും…. ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ ജീവിതവും അത്തരമൊരു ചരിത്രത്തിന്റെ ഭാഗമായിത്തന്നെ ഓർമ്മിക്കപ്പെടും.
പരമകാരുണികനായ സൃഷ്ടാവ് അദ്ദേഹത്തിന് ആത്മശാന്തി നൽകട്ടെ…
അദ്ദേഹത്തിൻ്റെ വിയോഗത്തിൽ വേദനിക്കുന്ന ഖത്തറിനോടൊപ്പം ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും അനുശോചനവും പ്രണാമവും രേഖപ്പെടുത്തുന്നു
- ✍️ ബഷീർ വടകര
ഡി പി സി ഐ ന്യൂസ്
ജി സി സി റീജൺ
ഇൻ ചാർജ്
