“ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണക്കേസിൽ 14 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മധ്യപ്രദേശിലെ അഡീഷണൽ ജില്ലാ & സെഷൻസ് ജഡ്ജി തബസ്സും ഖാൻ വധഭീഷണിക്കും ഓൺലൈൻ അധിക്ഷേപങ്ങൾക്കും ഇരയായതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ജഡ്ജിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
2022-ൽ മധ്യപ്രദേശിൽ നടന്ന കേസിലാണ് ജൂൺ 12-ന് ജഡ്ജി തബസ്സും ഖാൻ വിധി പ്രസ്താവിച്ചത്. കൊലപാതകം, കൊലപാതകശ്രമം, കലാപം, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയ കോടതി 14 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
കേസനുസരിച്ച്, 50-കാരനായ നസീർ അഹമ്മദ് രാത്രിയിൽ കന്നുകാലികളെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ സ്വയം ‘ഗോരക്ഷകർ’ എന്ന് വിശേഷിപ്പിച്ച ഒരു സംഘം വാഹനം തടഞ്ഞു. വടികളും ഇരുമ്പ് ദണ്ഡുകളും കൈവശമുണ്ടായിരുന്ന സംഘം കന്നുകാലി കടത്തുകയാണെന്ന സംശയത്തിന്റെ പേരിൽ നസീർ അഹമ്മദിനെയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരെയും വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ നസീർ അഹമ്മദ് പിന്നീട് മരണത്തിന് കീഴടങ്ങി. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടതിനെ തുടർന്ന് സംഭവത്തിന്റെ വിവരങ്ങൾ കോടതിയിൽ വെളിപ്പെടുത്തുകയായിരുന്നു.
തന്റെ വിധിയിൽ ഇത് ആൾക്കൂട്ടക്കൊല (Mob Lynching) ആണെന്ന് ജഡ്ജി തബസ്സും ഖാൻ വ്യക്തമാക്കിയിരുന്നു. വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ജഡ്ജിക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണവും ഭീഷണികളും ഉയർന്നു. ജഡ്ജി മുസ്ലിം മതവിശ്വാസിയായതിനാൽ ഹിന്ദു പ്രതികൾക്കെതിരെ പക്ഷപാതപരമായി പ്രവർത്തിച്ചെന്ന തരത്തിലുള്ള ആരോപണങ്ങളും ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
വിധിക്ക് പിന്നാലെ ശിക്ഷിക്കപ്പെട്ടവരുടെ ബന്ധുക്കൾ കോടതിക്ക് പുറത്ത് പ്രതിഷേധം നടത്തുകയും പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുന്ന പൊലീസ് വാഹനവ്യൂഹം തടയാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ‘പശുക്കളെ സംരക്ഷിച്ചതിനാണ് ഇവരെ ശിക്ഷിച്ചതെന്ന്’ ആരോപിച്ചായിരുന്നു പ്രതിഷേധം.
തുടർന്ന് ചില തീവ്രഹിന്ദുത്വ സോഷ്യൽ മീഡിയ പ്രവർത്തകർ ജഡ്ജിക്കെതിരെ മതവിദ്വേഷപരമായ പരാമർശങ്ങളും ബലാത്സംഗ-വധഭീഷണികളും ഉൾപ്പെടുന്ന വീഡിയോകൾ പ്രചരിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
സംഭവം രാജ്യത്തെ നിയമ-നീതിന്യായ മേഖലയിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ജഡ്ജിമാർക്കെതിരായ ഭീഷണികൾ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് ഗുരുതര വെല്ലുവിളിയാണെന്ന് നിയമവിദഗ്ധരും അഭിഭാഷക സംഘടനകളും ചൂണ്ടിക്കാട്ടി. ഭീഷണി സന്ദേശങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.



