ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ യുഎസും ഇറാനും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ വ്യാഴാഴ്ചയും തുടർന്നു. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ ഗതാഗതത്തിൽ കുറവുണ്ടായതായി നിരീക്ഷകർ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിന് സമീപമുള്ളവ ഉൾപ്പെടെ ഇറാനിലെ 90 ഓളം സൈനിക ലക്ഷ്യങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതായി യുഎസ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായ ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടതായി ഇറാനും സ്ഥിരീകരിച്ചു. ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പ്രദേശങ്ങളിലും ആക്രമണം ഉണ്ടായതായി ഇറാൻ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണറെ ഉദ്ധരിച്ച് അവിടുത്തെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ പുതിയ ആക്രമണങ്ങളെക്കുറിച്ച് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ തിരിച്ചടിച്ചത്. പിന്നീട് വ്യാഴാഴ്ച വൈകീട്ടോടെ കുവൈറ്റ്, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെയും ടെഹ്റാൻ കൂടുതൽ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി.
അതേസമയം, ആറ് ദിവസം നീണ്ടുനിന്ന വിലാപയാത്രകൾക്കും ചടങ്ങുകൾക്കും ഒടുവിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം സംസ്കരിച്ചു. വൻ ജനക്കൂട്ടമാണ് അദ്ദേഹത്തിന് വിടയേകാൻ തടിച്ചുകൂടിയത്. വിലാപയാത്രയിൽ പങ്കെടുത്തവരിൽ ചിലർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള വധഭീഷണി മുഴക്കുന്ന ബോർഡുകളും കൈകളിലേന്തിയിരുന്നു.



