ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ഡി.എം.കെ എം.എൽ.എയും മുൻ മന്ത്രിയുമായ അനിതാ ആർ. രാധാകൃഷ്ണനെ തൂത്തുക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.
തിരുച്ചെന്തൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയും ഡി.എം.കെയുടെ തൂത്തുക്കുടി സൗത്ത് ഡിസ്ട്രിക്റ്റ് സെക്രട്ടറിയുമാണ് രാധാകൃഷ്ണൻ. ആത്തൂർ ടൗൺ പഞ്ചായത്തിൽ രേഖകൾ പരിശോധിച്ചുകൊണ്ടിരിക്കെയാണ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK) പാർട്ടിയുടെ ആത്തൂർ അർബൻ സെക്രട്ടറി എസ്. സെൽവം നൽകിയ പരാതിയിലാണ് ജൂൺ 23-ന് ആത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 20-ന് ആത്തൂരിൽ നടന്ന ഡി.എം.കെ പൊതുയോഗത്തിൽ വെച്ച് മുഖ്യമന്ത്രി വിജയ്ക്കെതിരെ രാധാകൃഷ്ണൻ അപകീർത്തികരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ പരിഹസിച്ചും, അദ്ദേഹത്തിന്റെ സിനിമാ ഭൂതകാലത്തെയും വ്യക്തിജീവിതത്തെയും പരാമർശിച്ചുമായിരുന്നു പ്രസംഗം. ഭാരതീയ ന്യായ സംഹിതയിലെ (BNS) 352, 353(2) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്
രാധാകൃഷ്ണന്റെ പ്രസംഗത്തിന്റെ പകർപ്പ് പരിശോധിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഒരു മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ വ്യക്തിക്ക് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയോട് എങ്ങനെ ഇത്തരം മോശം ഭാഷയിൽ സംസാരിക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു. അദ്ദേഹം ഒരു സാധാരണക്കാരനല്ലെന്നും, മുഖ്യമന്ത്രി എന്ന പദവിയോട് കുറച്ചുകൂടി ബഹുമാനം കാണിക്കേണ്ടതുണ്ടെന്നും ജഡ്ജി നിരീക്ഷിച്ചു.



