ജർമ്മനിയിലെ ആശുപത്രിയിൽ തീപിടിത്തം; രണ്ട് മരണം, 30-ലധികം പേർക്ക് പരിക്ക്

Leena Joseph
1 Min Read

ബെർലിൻ: ജർമ്മനിയുടെ വടക്കൻ മേഖലയിലെ ലുഡ്വിഗ്സ്ലസ്റ്റ് നഗരത്തിലുള്ള ഹെലെനെ-വോൺ-ബ്യൂലോ ക്ലിനിക്കും (Helene-von-Bülow-Klinikum) ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. 30-ലധികം പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ പൊലീസ് വിവരങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

ബിൽഡ് (BILD) പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം, തീപിടിത്തം ഉണ്ടായ സമയത്ത് ആശുപത്രി കെട്ടിടത്തിൽ 82 രോഗികൾ ഉണ്ടായിരുന്നു. ആശുപത്രിയുടെ ഒരു വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

നോർഡ്‌കുറിയർ (Nordkurier) പത്രം റിപ്പോർട്ട് ചെയ്തതനുസരിച്ച്, റേഡിയോളജി വിഭാഗത്തിന്റെ മേൽക്കൂരയിലെ മരത്തടികളിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് കനത്ത പുക ആശുപത്രി കെട്ടിടത്തിലാകെ വ്യാപിച്ചു.

പരിക്കേറ്റവരുടെ നിലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരാളെ പുനരുജ്ജീവന ചികിത്സയ്ക്ക് (Resuscitation) വിധേയനാക്കിയതായി പൊലീസ് അറിയിച്ചു. ഇയാൾ മരിച്ചവരിൽ ഒരാളാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

സംഭവസ്ഥലത്ത് നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ നിന്ന് അതിവേഗം ഒഴിപ്പിക്കുന്നതും കാണാം. ചിലരെ കിടക്കകളിലും മറ്റുചിലരെ വീൽചെയറുകളിലും പുറത്തേക്ക് മാറ്റി. ആശുപത്രി ഗൗൺ ധരിച്ച രോഗികൾ ആശുപത്രിക്ക് മുന്നിലെ റോഡരികിലും പുൽത്തകിടിയിലുമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റപ്പെട്ടിരുന്നു. ആശുപത്രി സമുച്ചയമാകെ കനത്ത പുക വ്യാപിച്ചതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×