കരാക്കസ്: വെനിസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 24 മണിക്കൂറിലേറെ കുടുങ്ങിക്കിടന്ന 18 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ജീവനോടെ രക്ഷപ്പെടുത്തി. രാജ്യത്തെ നടുക്കിയ ദുരന്തത്തിനിടയിലെ ഈ രക്ഷാപ്രവർത്തനം ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വെനിസ്വേലയിൽ ഒരു മിനിറ്റിനുള്ളിൽ തുടർച്ചയായി രണ്ട് ശക്തമായ ഭൂകമ്പങ്ങൾ അനുഭവപ്പെട്ടു. ശക്തമായ കുലുക്കത്തിൽ നിരവധി വീടുകളും ബഹുനില കെട്ടിടങ്ങളും മറ്റ് നിർമാണങ്ങളും തകർന്നു.
ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്ന നവജാത ശിശുവിനെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. ഒടുവിൽ 24 മണിക്കൂറിലേറെ കഴിഞ്ഞ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് പിതാവിന് കൈമാറി.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഏകദേശം ഒന്നര മണിക്കൂറിന് ശേഷം കുഞ്ഞിന്റെ അമ്മയെയും ജീവനോടെ രക്ഷപ്പെടുത്തി. അമ്മയും കുഞ്ഞും ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചത്.
കുഞ്ഞിനെ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദുരന്തത്തിനിടയിലും പ്രത്യാശയുടെ പ്രതീകമായാണ് ഈ രക്ഷാപ്രവർത്തനത്തെ പലരും വിശേഷിപ്പിക്കുന്നത്.



