ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം പൂർണ്ണമായി അവസാനിപ്പിച്ച് ബുർക്കിനാ ഫാസോ; സൈനിക ഭരണകുടത്തിന്റെ നിർണ്ണായക തീരുമാനം

Sunil Varma
1 Min Read

വാഗദൂഗു (ബുർക്കിനാ ഫാസോ):

മുൻ കോളനി ഭരണാധികാരികളായ ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചതായി പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോ പ്രഖ്യാപിച്ചു. പരസ്പര ബഹുമാനവും പരമാധികാരവും സംരക്ഷിക്കുന്നതിലും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്ന അന്താരാഷ്ട്ര തത്വം പാലിക്കുന്നതിലും ഫ്രാൻസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അടിയന്തര നടപടി. ബുർക്കിനാ ഫാസോ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഗിൽബർട്ട് ഔദ്രോഗോ ഔദ്യോഗിക ടെലിവിഷനിലൂടെയാണ് ഈ ചരിത്രപരമായ തീരുമാനം പുറത്തുവിട്ടത്.

 പരമാധികാര ലംഘനമെന്ന് ആരോപണം

രാജ്യത്തിന്റെ പരമാധികാരത്തെയും താല്പര്യങ്ങളെയും ഹനിക്കുന്ന തരത്തിലുള്ള നിരന്തരമായ ഇടപെടലുകളാണ് ഫ്രാൻസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ബുർക്കിനാ ഫാസോ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെയും അട്ടിമറി നീക്കങ്ങളെയും ഫ്രാൻസ് സജീവമായി പിന്തുണയ്ക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും സൈനിക ഭരണകൂടം ഉന്നയിച്ചിട്ടുണ്ട്. പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ നയതന്ത്ര ബന്ധം തുടരുന്നതിൽ അർത്ഥമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

 ‘ഫ്രാൻസ് വിരുദ്ധ’ ചേരി ശക്തമാകുന്നു

2022-ൽ ക്യാപ്റ്റൻ ഇബ്രാഹിം ട്രയോറെയുടെ നേതൃത്വത്തിൽ സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതിന് ശേഷം ബുർക്കിനാ ഫാസോയും ഫ്രാൻസും തമ്മിലുള്ള ബന്ധം കടുത്ത വിയോജിപ്പിലായിരുന്നു. ഇതിനോടകം തന്നെ ഫ്രാൻസിന്റെ സൈനിക സാന്നിധ്യവും സാമ്പത്തിക സഹായങ്ങളും രാജ്യം നിർത്തലാക്കിയിരുന്നു . മാലി, നൈജർ തുടങ്ങിയ അയൽരാജ്യങ്ങൾക്ക് പിന്നാലെ ബുർക്കിനാ ഫാസോയും ഫ്രാൻസിനെ കൈവിട്ടതോടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഫ്രഞ്ച് സ്വാധീനത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

നയതന്ത്ര തലത്തിലുള്ള ബന്ധം മാത്രമാണ് അവസാനിപ്പിച്ചതെന്നും, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക-ചരിത്രപരമായ ബന്ധങ്ങളെ ഇത് ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×