പാരീസ്: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ, എയർ കണ്ടീഷണർ (എ.സി) ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തങ്ങളുടെ പരമ്പരാഗത നിലപാടുകൾ പുനഃപരിശോധിക്കാൻ ഫ്രാൻസ് നിർബന്ധിതരാകുന്നു. ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമാണ് കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇതോടെയാണ് രാജ്യത്ത് ‘ലാ ക്ലിം’ (la clim – ക്ലൈമറ്റൈസേഷൻ) എന്ന് വിളിക്കുന്ന എ.സി ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.
പോപ്പുലിസ്റ്റ് വലതുപക്ഷ നേതാവായ മരീൻ ലെ പെൻ രാജ്യവ്യാപകമായി സബ്‌സിഡിയോടു കൂടി എ.സികൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, പരിസ്ഥിതി വാദികളായ ഗ്രീൻ പാർട്ടി നേതാക്കൾ എ.സി ഉപയോഗം ഇപ്പോൾ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് സമ്മതിക്കുന്നു.
യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാൻസിൽ എ.സി ഉപയോഗം വളരെ കുറവാണ്. ഫ്രാൻസിലെ 25 ശതമാനം വീടുകളിൽ മാത്രമാണ് നിലവിൽ എ.സി ഉള്ളത്. അതേസമയം സ്പെയിനിലും ഇറ്റലിയിലും ഇത് 50 ശതമാനവും, അമേരിക്കയിലും ജപ്പാനിലും 90 ശതമാനവുമാണ്.
ഫ്രാൻസിലെ ഭൂരിഭാഗം ആശുപത്രികളിലും സ്കൂളുകളിലും എ.സി സൗകര്യമില്ല. കടുത്ത ചൂട് കാരണം ഈ ആഴ്ച ആയിരക്കണക്കിന് സ്കൂളുകളാണ് അടച്ചിടേണ്ടി വന്നത്. ആശുപത്രികളിലെ ജീവനക്കാരും രോഗികളും ചൂട് താങ്ങാനാവാതെ ബുദ്ധിമുട്ടുകയാണ്.



