തായ്പേയ്: തായ്വാനിലെ തൈതുങ് കൗണ്ടിയിലെ (Taitung county) പ്രധാന കാർഷിക വിളയായ കസ്റ്റാർഡ് ആപ്പിൾ (അറ്റെമോയ – Atemoya) ചൈനയിലേക്ക് കൂടുതൽ ഇറക്കുമതി ചെയ്യാനുള്ള ബീജിംഗിന്റെ നീക്കം തായ്വാനിൽ പുതിയ ആശങ്കകൾക്ക് വഴിവെക്കുന്നു. ചൈനയുടെ ഈ നീക്കത്തിനെതിരെ തായ്വാൻ കൃഷി മന്ത്രാലയം തങ്ങളുടെ കർഷകർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരു പ്രത്യേക തരം കസ്റ്റാർഡ് ആപ്പിൾ ഇനങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ സങ്കരയിനമാണ് ‘അറ്റെമോയ’. പരുക്കൻ പച്ച പുറംതോടും മധുരമുള്ള വെളുത്ത കാമ്പുമുള്ള ഈ ഫലം തായ്വാന്റെ പ്രധാന കയറ്റുമതി വിളകളിലൊന്നാണ്. തായ്വാൻ അറ്റെമോയകളുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ചൈന, ഈ മാസം ആദ്യം മുതൽ കസ്റ്റാർഡ് ആപ്പിളുകളുടെ ഇറക്കുമതി വിപുലീകരിക്കാൻ തയാറാണെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ശനിയാഴ്ച തായ്വാൻ കൃഷി മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൈനയുടെ ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. ഇത് ചൈനയുടെ കൗശലപൂർവ്വമായ “വളർത്തുക, കുടുക്കുക, ഇല്ലാതാക്കുക” (Raise, Trap, Kill) എന്ന നയത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ഇതെന്ന് മന്ത്രാലയം ആരോപിക്കുന്നു. തങ്ങളുടെ വിപണിയെ പൂർണ്ണമായി ആശ്രയിക്കാൻ കർഷകരെ പ്രേരിപ്പിക്കുകയും, പിന്നീട് പെട്ടെന്ന് വിപണിയിൽ മാറ്റങ്ങൾ വരുത്തി അവരെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നതാണ് ചൈനയുടെ ഈ തന്ത്രമെന്ന് തായ്വാൻ വ്യക്തമാക്കുന്നു.
സ്വയംഭരണാധികാരമുള്ള തായ്വാനെ സ്വന്തം പ്രദേശമായി അവകാശപ്പെടുന്ന ചൈന, അടുത്തിടെയായി തായ്വാന് മേൽ കടുത്ത സൈനിക-രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ സൈനിക നീക്കങ്ങൾക്ക് പുറമേ, കാർഷിക വിളകളെയും ഒരു ആയുധമായി ഉപയോഗിച്ച് തായ്വാനെ സാമ്പത്തികമായി തളർത്താനാണ് ചൈന ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.



