ടെഹ്റാൻ: അമേരിക്കയുമായുള്ള വെടിനിർത്തല്‍ കരാർ ലംഘിച്ച് ലബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രകോപിതരായി ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു.
ഇസ്രായേലിന്റെ നടപടി കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ അടിയന്തര നീക്കം. കൂടാതെ, തങ്ങളുടെ മരവിപ്പിച്ച സ്വത്തുക്കള്‍ വകമാറ്റി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഇറാൻ കർശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോർമുസ് വീണ്ടും അടച്ചതോടെ മേഖലയില്‍ വീണ്ടും സംഘർഷം കടുക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ലബനനില്‍ പോര് കനക്കുന്നു
നേരത്തെ ഇറാനും അമേരിക്കയും ഇന്ന് ജനീവയില്‍ നടത്താനിരുന്ന ചർച്ച റദ്ദാക്കിയിരുന്നു. അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് പിന്മാറിയതോടെയാണ് ചർച്ച റദ്ദാക്കിയത്. ലബനനില്‍ ഇസ്രയേല്‍ തുടരുന്ന കനത്ത ആക്രമണം സ്ഥിതി വഷളാക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു പിന്മാറ്റം. വിഷയത്തെ ചൊല്ലി ഇസ്രയേലിനും അമേരിക്കയ്ക്കും ഇടയില്‍ വാക്പോരും ശക്തമായിട്ടുണ്ട്. ലബനനില്‍ അർധരാത്രി മുതല്‍ നടക്കുന്ന ആക്രമണത്തില്‍ മരണ സംഖ്യ ഉയരുന്നതിനിടെയാണ് ഇറാൻ, ഹോർമൂസ് വീണ്ടും അടച്ചത്. ഇസ്രയേല്‍ ആക്രമണം ചൂണ്ടിക്കാട്ടി ഇറാൻ നിലപാട് കടുപ്പിക്കുകയാണ്. ലബനനിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രാൻസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അമേരിക്കൻ വൈസ് പ്രസിഡണ്ട് ഇസ്രയേലിനെതിരെ നടത്തിയ പരാമർശം ചർച്ചയാവുകയാണ്. ഇസ്രയേലിനെ സംരക്ഷിച്ച മൂന്നില്‍ രണ്ട് ആയുധങ്ങളും അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണമാണെന്നായിരുന്നു പ്രസ്താവന. ഇസ്രയേല്‍ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



