റേസിങ് സ്റ്റാറായി അതീഖ മീർ

Chandhini Nair
1 Min Read

ഫ്രാൻസിയാകോർട്ട: രാജ്യാന്തര മോട്ടോർ സ്പോർട്സ് രംഗത്ത് ഇന്ത്യയുടെ അഭിമാനമായി യുവ കാർട്ടിങ് താരം അതീഖ മീർ. ഫെഡറേഷൻ ഇന്റർനാഷണൽ ഡി എൽ ഓട്ടോമൊബൈൽ (എഫ്‌ഐഎ) സംഘടിപ്പിക്കുന്ന ‘ഗേൾസ് ഓൺ ട്രാക്ക് റൈസിങ് സ്റ്റാർസ് 2026’ പദ്ധതിയുടെ ജൂനിയർ വിഭാഗത്തിലേക്ക് അതീഖ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് താരങ്ങളിൽ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ് അതീഖ.

12–14 പ്രായവിഭാഗത്തിലാണ് അതീഖയുടെ തിരഞ്ഞെടുപ്പ്. വനിതകളുടെ മോട്ടോർ സ്പോർട്സ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും കഴിവുള്ള യുവതാരങ്ങളെ രാജ്യാന്തര റേസിങ് രംഗത്തേക്ക് വളർത്തിയെടുക്കുകയും ചെയ്യുകയാണ് എഫ്‌ഐഎയുടെ ഈ പദ്ധതിയുടെ ലക്ഷ്യം.

Ref.No:DPCI-PKD-50

ചാമ്പ്യൻസ് ഓഫ് ദ ഫ്യൂച്ചർ അക്കാദമി (COTFA) ചാമ്പ്യൻഷിപ്പിലും എഫ്‌ഐഎ കാർട്ടിങ് ലോക ചാമ്പ്യൻഷിപ്പിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് അതീഖയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്. ഈ വർഷം ഗ്രീസിൽ നടന്ന COTFA മത്സരത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരം എഫ്‌ഐഎ കാർട്ടിങ് ലോക ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന റേസിൽ ആറാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് താരങ്ങൾക്കായി ഇറ്റലിയിലെ ക്രെമോണ സർക്യൂട്ടിൽ മൂന്ന് ദിവസത്തെ പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ഡ്രൈവിങ് മികവും സാങ്കേതിക പരിജ്ഞാനവും മെച്ചപ്പെടുത്തുന്നതിനൊപ്പം ഉയർന്ന തലത്തിലുള്ള മത്സരങ്ങൾക്ക് താരങ്ങളെ സജ്ജരാക്കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം.

ഫ്രാൻസ്, കോസ്റ്റാറിക്ക, ബ്രിട്ടൻ, മെക്സിക്കോ, ഈജിപ്ത്, യുക്രെയ്ൻ, ചിലി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് അതീഖയ്ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ടത്.

2018ൽ ആരംഭിച്ച ‘ഗേൾസ് ഓൺ ട്രാക്ക്’ പദ്ധതിയിലൂടെ വനിതകൾക്ക് മോട്ടോർ സ്പോർട്സ് രംഗത്ത് കൂടുതൽ അവസരങ്ങൾ ഒരുക്കാനാണ് എഫ്‌ഐഎ ലക്ഷ്യമിടുന്നത്. ഫോർമുല വൺ അക്കാദമിയുടെ പിന്തുണ ലഭിച്ച ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അതീഖയ്ക്കുണ്ട്.

അന്താരാഷ്ട്ര കാർട്ടിങ് വേദികളിൽ തുടർച്ചയായി മികവ് തെളിയിക്കുന്ന അതീഖയുടെ പുതിയ നേട്ടം ഇന്ത്യൻ വനിതാ മോട്ടോർ സ്പോർട്സിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×