മുംബൈ: ഇന്ത്യയുടെ ഭൗമശാസ്ത്ര പൈതൃകത്തിന് അഭിമാനമായി മഹാരാഷ്ട്രയിലെ ലോണാർ തടാകം. ഏകദേശം 12,000 വർഷം പഴക്കമുള്ള ഉൽക്കാപതന ഗർത്തത്തിനുള്ളിൽ രൂപംകൊണ്ട ലോണാർ തടാകത്തെ അന്താരാഷ്ട്ര ഭൗമശാസ്ത്ര സംഘടനയായ ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസസ് (IUGS) പ്രഖ്യാപിച്ച ‘തേർഡ് 100 ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റ്സ്’ പട്ടികയിൽ ഉൾപ്പെടുത്തി. നവംബർ ആറിന് പോർച്ചുഗലിൽ നടന്ന അന്താരാഷ്ട്ര ജിയോ ഹെറിറ്റേജ് പരിപാടിയിലാണ് പ്രഖ്യാപനം.
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ സ്ഥിതിചെയ്യുന്ന ലോണാർ തടാകം ലോകത്തിലെ അപൂർവമായ ഉൽക്കാപതന ഗർത്തങ്ങളിലൊന്നാണ്. ഏകദേശം 1.88 കിലോമീറ്റർ വ്യാസമുള്ള ഈ ഗർത്തം, 65 ദശലക്ഷം വർഷം പഴക്കമുള്ള ഡെക്കാൻ ട്രാപ്സ് എന്ന ബസാൾട്ട് ശിലാപ്രദേശത്ത് ഉൽക്ക അതിവേഗത്തിൽ പതിച്ചതിനെത്തുടർന്നാണ് രൂപപ്പെട്ടത്. ബസാൾട്ട് ശിലകളിൽ രൂപംകൊണ്ട ലോകത്തിലെ അപൂർവമായ അഞ്ച് ഉൽക്കാപതന ഗർത്തങ്ങളിൽ ഒന്നാണിത്.

ഉപ്പുരസവും ക്ഷാരസ്വഭാവവുമുള്ള തടാകം
ലോണാറിന്റെ പ്രധാന സവിശേഷത അതിലെ ജലത്തിന്റെ രാസഘടനയാണ്. ഉപ്പുരസവും ക്ഷാരസ്വഭാവവുമുള്ള ജലമാണ് തടാകത്തിലുള്ളത്. ഗർത്തത്തിന്റെ വൃത്താകൃതിയിലുള്ള ഘടന, തകർന്ന ബസാൾട്ട് ശിലകൾ, ഉൽക്കാപതനത്തിൽ ഉരുകിയുണ്ടായ പ്രത്യേക ശിലകളും ഗ്ലാസ് പോലുള്ള വസ്തുക്കളും ഈ പ്രദേശത്തിന്റെ ശാസ്ത്രീയ പ്രാധാന്യം വർധിപ്പിക്കുന്നു. ഭൂമിയിൽ ഉൽക്കകൾ പതിക്കുമ്പോൾ സംഭവിക്കുന്ന ഭൗതിക-രാസമാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ ലോണാർ മികച്ച പ്രകൃതിദത്ത പരീക്ഷണശാലയാണ്.
ലോകത്തിലെ പ്രധാനപ്പെട്ട ഭൗമശാസ്ത്ര വിസ്മയങ്ങളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായുള്ള IUGS പദ്ധതിയുടെ ഭാഗമായാണ് ഈ അംഗീകാരം. 47 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 100 കേന്ദ്രങ്ങളാണ് പുതിയ പട്ടികയിലുള്ളത്. ജപ്പാനിലെ ഫുജി പർവതം, നോർവേയിലെ ഫിയോർഡുകൾ, അമേരിക്കയിലെ സാൻ ആൻഡ്രിയാസ് വിള്ളൽമേഖല, അർജന്റീനയിലെ അക്കോൺകാഗ്വ പർവതം എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
2022-ൽ ആദ്യ പട്ടികയിൽ ഇടംനേടിയ മേഘാലയയിലെ മൗംലുഹ് ഗുഹയ്ക്കുശേഷം ഈ അന്താരാഷ്ട്ര അംഗീകാരം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ കേന്ദ്രമാണ് ലോണാർ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (GSI) ഇടപെടലാണ് ലോണാറിന്റെ നാമനിർദേശത്തിന് വഴിയൊരുക്കിയത്.
സംരക്ഷണത്തിനും ഗവേഷണത്തിനും പ്രാധാന്യം
2020-ൽ ലോണാർ തടാകത്തിന് റാംസർ പദവിയും ലഭിച്ചിരുന്നു. പുതിയ അന്താരാഷ്ട്ര അംഗീകാരം പ്രദേശത്തെ വിനോദസഞ്ചാരത്തിനും ഭൗമശാസ്ത്ര ഗവേഷണത്തിനും കൂടുതൽ സാധ്യതകൾ തുറക്കും. അതേസമയം മാലിന്യനിക്ഷേപം, പരിസ്ഥിതി മലിനീകരണം, ജലത്തിന്റെ സ്വാഭാവിക ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ തടാകത്തിന്റെ നിലനിൽപ്പിന് വെല്ലുവിളിയാണ്.
അന്താരാഷ്ട്ര അംഗീകാരം വിനോദസഞ്ചാര വികസനത്തിനൊപ്പം തടാകത്തിന്റെ ജൈവവൈവിധ്യവും സവിശേഷമായ ഭൗമഘടനയും സംരക്ഷിക്കുന്നതിനും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഭൂമിയുടെ ചരിത്രത്തിലെ അപൂർവമായൊരു ഉൽക്കാപതനത്തിന്റെ അടയാളമായി നിലകൊള്ളുന്ന ലോണാർ തടാകത്തിന് ലഭിച്ച അംഗീകാരം ഇന്ത്യയുടെ ശാസ്ത്ര-ഭൗമശാസ്ത്ര മേഖലകൾക്ക് വലിയ നേട്ടമാണ്.




