പഞ്ചസാരയ്ക്ക് 70 രൂപ, ഗ്യാസിനും വിറകിനും വിലക്കയറ്റം
മണ്ണാർക്കാട് : നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വിറകിന്റെയും വില വർധിച്ചതോടെ മണ്ണാർക്കാട്ടെ ചെറുകിട ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. ചെലവുകൾ വർധിച്ചിട്ടും ഭക്ഷണസാധനങ്ങളുടെ വില ഉയർത്താൻ കഴിയാത്ത സാഹചര്യം ഹോട്ടൽ ഉടമകളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുകയാണ്.

ഒരു വർഷത്തിനിടെ കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന പഞ്ചസാരയ്ക്ക് 70 രൂപയായി. നല്ല അരിക്ക് 45 മുതൽ 60 രൂപ വരെയാണ് വില. പാചകവാതകത്തിന് ഏകദേശം 3,000 രൂപയും ഒരു ഗുഡ്സ് ഓട്ടോ വിറകിന് 3,000 മുതൽ 3,500 രൂപ വരെയും ചെലവാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ധനത്തിനായി മാത്രം വലിയൊരു തുക കണ്ടെത്തേണ്ടിവരുന്നത് ചെറുകിട സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലവർധനവിനൊപ്പം തൊഴിലാളികളുടെ ശമ്പളവും കടമുറികളുടെ വാടകയും വർധിച്ചതോടെ പാചകക്കാർ, സഹായികൾ, മറ്റ് ജീവനക്കാർ എന്നിവരുടെ വേതനം നൽകുന്നതിനും വൈദ്യുതി ബിൽ, വെള്ളക്കരം, അറ്റകുറ്റപ്പണികൾ തുടങ്ങിയ ദൈനംദിന ചെലവുകൾക്കും വലിയ തുക കണ്ടെത്തേണ്ടിവരുന്നു.
ഭക്ഷണവില കൂട്ടിയാൽ ഉപഭോക്താക്കൾ കുറയുമെന്ന ആശങ്കയും ഉടമകൾക്കുണ്ട്. വില വർധിപ്പിക്കാതെ മുന്നോട്ടുപോയാൽ നഷ്ടം സഹിക്കേണ്ടിവരുന്ന അവസ്ഥയും നിലനിൽക്കുന്നു. വരുമാനവും ചെലവും തമ്മിലുള്ള അന്തരം വർധിച്ചതോടെ പല ചെറുകിട ഹോട്ടലുകളും കടം വാങ്ങിയാണ് പ്രവർത്തനം തുടരുന്നത്.
വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ചെറുകിട ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം നൽകാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് മേഖലയിലെ ആവശ്യം. പാചകവാതകത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വില നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ചെറുകിട ഹോട്ടലുകൾക്ക് അനുയോജ്യമായ സാമ്പത്തിക സഹായവും വായ്പാ ഇളവുകളും ലഭ്യമാക്കുക, നികുതി-വൈദ്യുതി നിരക്കുകളിൽ ആവശ്യമായ ഇളവുകൾ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയരുന്നത്.




