ഏഴാം ദിനത്തിലും ഖബർ സിയാറത്തും മൗലിദ് സദസ്സും തഹ്‌ലീൽ സമർപ്പണവും
പടിഞ്ഞാ മുറി : മത-സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന യൂനുസ് മുസ്ലിയാരുടെ വിയോഗത്തിന് ശേഷവും അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പ്രാർഥനകളിലൂടെ തുടരുകയാണ്. വിയോഗത്തിന്റെ ഏഴാം ദിനമായ ഇന്നലെ അസറിന് ശേഷം ഖബർ സിയാറത്തും ഇശാഇന് ശേഷം കുടുംബവീട്ടിൽ മൗലിദ് സദസ്സും സൂറത്തുൽ യാസീൻ പാരായണവും സംഘടിപ്പിച്ചു.
കുടുംബാംഗങ്ങൾ, നാട്ടുകാർ, ശിഷ്യഗണങ്ങൾ, അദ്ദേഹത്തെ സ്നേഹിക്കുന്ന മുഹിബ്ബീങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുത്ത മജ്ലിസ് ആത്മീയാന്തരീക്ഷത്തിൽ ശ്രദ്ധേയമായി. മഹല്ല് ഖതീബ് നജ്മുദ്ദീൻ സഖാഫി മൗലിദ് സദസ്സിന് നേതൃത്വം നൽകി. ഖാലിദ് ഫൈസി പൂടുർ /അബ്ദുൽ ജബ്ബാർ മുസ്ലിയാർ കോട്ടായി, അലി മുസ്ലിയാർ, അഹ്മദ് കബീർ കരീമി തുടങ്ങിയ പണ്ഡിതരും മുഅല്ലിമുകളും ശിഷ്യഗണങ്ങളും അയൽവാസികളും ബന്ധുക്കളും സംഗമത്തിൽ സംബന്ധിച്ചു.
കേരള മുസ്ലിം ജമാഅത്തിന്റെ അഞ്ചാം യൂണിറ്റ് മെമ്പറും സംഘ കുടുംബ പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയുമായിരുന്നു യൂനുസ് മുസ്ലിയാർ. അദ്ദേഹത്തിന്റെ പേരിൽ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സംഘം കുടുംബ പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളെയും പ്രവർത്തകരെയും പങ്കെടുപ്പിച്ച് 204000 തഹ്‌ലീലുകൾ സമർപ്പിച്ചു. സംഗമത്തിൽ തഹ്‌ലീൽ ചൊല്ലിയവർക്കായും നേതൃത്വം നൽകിയവർക്കായി പ്രത്യേക പ്രാർഥനയും നടന്നു.
പറളി റെയ്ഞ്ചിലെ ഉസ്താദുമാരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പേരിൽ ഖത്മുൽ ഖുർആൻ പാരായണവും തുടരുകയാണ്. ഇതിനുപുറമെ നിരവധി വിശ്വാസികൾ വ്യക്തിപരമായും കൂട്ടായും സൂറത്തുൽ യാസീൻ ഉൾപ്പെടെയുള്ള ഖുർആൻ പാരായണങ്ങൾ, തഹ്‌ലീലുകൾ, സലാത്തുകൾ, ഖത്മുകൾ എന്നിവ നടത്തി അദ്ദേഹത്തിനായി പ്രാർഥനകൾ സമർപ്പിച്ചുവരുന്നു.
വിയോഗം സംഭവിച്ച നാൾമുതൽ ഇന്നുവരെ കുടുംബവും നാട്ടുകാരും സംഘടനാ പ്രവർത്തകരും ശിഷ്യഗണങ്ങളും ഒരുമിച്ച് പ്രാർഥനകളിലും ആത്മീയ സദസ്സുകളിലും പങ്കുചേരുന്നത് യൂനുസ് മുസ്ലിയാർ ജനഹൃദയങ്ങളിൽ നേടിയ സ്നേഹത്തിന്റെയും സ്വീകാര്യതയുടെയും അടയാളമായി മാറുകയാണ്. ഏഴാം ദിനത്തിലെ കുടുംബസംഗമവും മൗലിദ് സദസ്സും ആ സ്നേഹബന്ധത്തിന്റെ ഹൃദ്യമായ തുടർച്ചയായി.




