പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി രഥസംഗമ ദിനമായ ഇന്ന് പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് മൂന്ന് മുതൽ രാത്രി പത്ത് വരെയാണ് നിയന്ത്രണം.

ഒലവക്കോട്, ശേഖരിപുരം, കൽമണ്ഡപം, ബൈപാസ് റോഡ് തുടങ്ങിയ മേഖലകളിലാണ് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വലിയ വാഹനങ്ങൾക്കും ഗ്യാസ് ടാങ്കറുകൾക്കും നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല.
വാളയാർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾക്ക് കെ.എസ്.ആർ.ടി.സി., മേലാമുറി, പറളി, മുണ്ടൂർ വഴിയും കോഴിക്കോട് ഭാഗത്തുനിന്ന് വാളയാറിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മുണ്ടൂർ, പറളി, കൽമണ്ഡപം, ചന്ദ്രനഗർ വഴിയും യാത്ര ക്രമീകരിച്ചിട്ടുണ്ട്.
കൽപ്പാത്തി രഥോത്സവവും രഥസംഗമവും കാണുന്നതിനായി വിവിധ പ്രദേശങ്ങളിൽനിന്ന് എത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.



