ദുബൈ: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകരും പ്രവാസികളും തങ്ങളുടെ ലഗേജുകളിൽ കരുതുന്ന മരുന്നുകളുടെ കാര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.
യാത്രാവേളയിൽ കൈവശം വെക്കുന്ന ചില സാധാരണ മരുന്നുകൾ പോലും വലിയ നിയമക്കുരുക്കുകൾക്ക് വഴിവെച്ചേക്കാം.
യുഎഇയുടെ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ (ഇഡിഇ) നിയന്ത്രിത മരുന്നുകളുടെ പട്ടിക പ്രകാരം രാജ്യത്തേക്ക് കൊണ്ടുവരാൻ പാടില്ലാത്തതും മുൻകൂർ അനുമതി ആവശ്യമുള്ളതുമായ മരുന്നുകളുടെ വിവരങ്ങൾ അധികൃതർ വ്യക്തമാക്കി.
പൂർണ്ണമായും നിരോധിച്ച മയക്കുമരുന്ന് വസ്തുക്കൾ
ഹെറോയിൻ, കൊകെയ്ൻ, കഞ്ചാവ് (Cannabis), സിന്തറ്റിക് കന്നാബിനോയ്ഡുകൾ, എൽ.എസ്.ഡി, എം.ഡി.എം.എ, പെയോട്ട്, ഒപ്പിയം, പോപ്പി തുടങ്ങിയവ യുഎഇയിലേക്ക് കൊണ്ടുപോകുന്നത് കടുത്ത കുറ്റകരമാണ്.
മുൻകൂർ അനുമതിയും ഡോക്ടറുടെ കുറിപ്പടിയും വേണ്ടവ; വേദനസംഹാരികൾ (Opioid painkillers): കോഡിൻ, ട്രമഡോൾ, മോർഫിൻ, ഓക്‌സികോഡോൺ, ഫെന്റനിൽ തുടങ്ങിയവ.
ഉത്കണ്ഠയ്ക്കും ഉറക്കത്തിനുമുള്ളത്:
ഡയാസെപാം (വാലിയം), അൽപ്രാസോലം (സാനക്‌സ്), ലോറാസെപാം, സോൾപിഡെം തുടങ്ങിയവ.
നാഡീസംബന്ധമായ വേദനയ്ക്കും അപസ്മാരത്തിനുമുള്ളത്: പ്രീഗബാലിൻ, ഗാബപെന്റിൻ തുടങ്ങിയവ.
സ്യൂഡോഎഫെഡ്രിൻ, കെറ്റാമിൻ തുടങ്ങിയ മറ്റ് മരുന്നുകൾ:
മേൽ പറഞ്ഞവിഭാഗത്തിൽ പെടുന്ന മരുന്നുകൾ യാത്രക്കാർ കൈവശം വെക്കണമെങ്കിൽ താമസിക്കുന്ന ദിവസങ്ങളിലേക്കോ അല്ലെങ്കിൽ പരമാവധി മൂന്ന് മാസത്തേക്കോ ഉള്ള അളവിൽ മാത്രമേ അനുവദിക്കൂ- കൂടാതെ, യാത്ര ചെയ്യുന്നതിന് മുൻപ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ (MoHAP) പോർട്ടൽ വഴി ഓൺലൈനായി അനുമതി വാങ്ങിയിരിക്കണം.
എമിറേറ്റ്‌സ് എയർലൈൻസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികളും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ട്.
മുൻകൂർ അനുമതി ആവശ്യമില്ലാത്ത സാധാരണ മരുന്നുകൾ:
പാരാസെറ്റമോൾ, ഐബുപ്രോഫെൻ, ആന്റിഹിസ്റ്റമിനുകൾ, ഇൻസുലിൻ, രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ, സാധാരണ ആന്റിബയോട്ടിക്കുകൾ എന്നിവയ്ക്ക് മുൻകൂർ അനുമതി ആവശ്യമില്ല- എങ്കിലും ഇവ ഒറിജിനൽ പാക്കിംഗിലും കൃത്യമായ ഡോക്ടറുടെ കുറിപ്പടിയോടും (Prescription) കൂടി കൈവശം വെക്കുന്നത് സുരക്ഷിത യാത്രയ്ക്ക് സഹായിക്കും.
വളർത്തുമൃഗങ്ങളുടെ മരുന്നുകളിലെ കടുത്ത നിയന്ത്രണം
നായ്ക്കൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും നൽകിവരുന്ന ‘സിപ്രോഫ്ലോക്‌സാസിൻ’ (Ciprofloxacin) എന്ന ആന്റിബയോട്ടിക്കിന്റെ ഉപയോഗത്തിന് നവംബർ 1 മുതൽ യുഎഇയിൽ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ:
ഏതെങ്കിലും മരുന്നിന്റെ കാര്യത്തിൽ സംശയമുണ്ടെങ്കിൽ യാത്രയ്ക്ക് മുൻപ് യുഎഇ എംബസിയെയോ കോൺസുലേറ്റെയോ ബന്ധപ്പെടുക.
മരുന്നുകൾ അവയുടെ ഒറിജിനൽ കവറിലും ഡോക്ടറുടെ കുറിപ്പടി സഹിതവും മാത്രം ലഗേജിൽ കരുതുക.
അറിവില്ലായ്മ മൂലം പ്രവാസികളും സന്ദർശകരും ഇത്തരം നിയമക്കുരുക്കുകളിൽ പെടാതിരിക്കാൻ യാത്രയ്ക്ക് മുൻപ് മരുന്നുകളുടെ കാര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.



